ജയ്പൂര്‍: ശൗചാലയം നിര്‍മ്മിക്കാത്ത വീടുകളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവിട്ട് രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ സബ് ഡിവിഷണല്‍ ഓഫീസര്‍. 15 ദിവസത്തിനുള്ളില്‍ ശൗചാലയം നിര്‍മ്മിക്കാത്ത വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്നായിരുന്നു ഉത്തരവ്.
എന്നാല്‍ ഉയര്‍ന്നുവന്ന ശക്തമായ എതിര്‍പ്പ് കാരണം പെട്ടെന്നു തന്നെ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു. ഗ്രാമത്തിലെ 19 ശതമാനം വീടുകളില്‍ മാത്രമാണ് ശൗചാലയമുള്ളതെന്ന് മനസ്സിലാക്കി കഴിഞ്ഞ ദിവസമാണ് സബ് ഡിവിഷണല്‍ ഓഫീസറായ കര്‍ട്ടര്‍ സിങ് പുതിയ ഉത്തരവിറക്കിയത്. ഏറെ പരിശ്രമിച്ചിട്ടും ഗ്രാമവാസികള്‍ ശൗചാലയം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നില്ല. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ എല്ലാവീടുകളിലും ശൗചാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മറ്റ് വഴികളൊന്നും കാണാതെയാണ് എസ്ഡിഒ ഉത്തരവിറക്കിയത്.
ഉത്തരവിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച പൊതുസ്ഥലത്ത് വിസര്‍ജ്ജനം നടത്തിയ ആറ് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള സെക്ഷന്‍ 151 ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കുകയും ഒരു ദിവസം മുഴുവന്‍ കസ്റ്റഡിയില്‍ വെച്ച ശേഷം വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കാമെന്ന ഉറപ്പിന്‍മേല്‍ വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ സ്ഥലത്തെ കോണ്‍ഗ്രസ് എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്.
Discussion about this post