ഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗത്തില്‍(ഒ.ബി.സി)പെട്ടവര്‍ക്ക് വിദ്യാലയ പ്രവേശനത്തിനും ഉദ്യോഗത്തിനും സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ആറു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പ്രതിവര്‍ഷം എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍പെട്ടവര്‍ ഇനി ക്രീമിലെയര്‍ വിഭാഗത്തില്‍ പെടില്ല. പൊതുമേഖല സ്ഥാപനങ്ങളില്‍കൂടി മേല്‍ത്തട്ടു പരിധി നടപ്പാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചുവരുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.
ഒ.ബി.സി വിഭാഗ സംവരണത്തിന്റെ നേട്ടം എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കാന്‍ പാകത്തില്‍ ഒ.ബി.സിയില്‍ ഉപവിഭാഗങ്ങളെ വേര്‍തിരിക്കുന്നതിന് പ്രത്യേക കമീഷന്‍ രൂപവത്കരിക്കും. ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ജമ്മുകശ്മീരില്‍ ജമ്മു മേഖല എന്നിങ്ങനെ 11 സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇത്തരത്തില്‍ സംവരണം നടപ്പാക്കിയിട്ടുണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. കേന്ദ്ര ഒ.ബി.സി ലിസ്റ്റില്‍ ഇത്തരത്തില്‍ ഉപവിഭാഗങ്ങളില്ല. ഇതുവഴി സംവരണത്തിന്റെ ആനുകൂല്യം അര്‍ഹര്‍ക്ക് കിട്ടാതെ പോകുന്ന അവസ്ഥ ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കമീഷന്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമീഷന് നല്‍കുന്ന നിര്‍ദേശം. സംവരണത്തിന്റെ കാര്യത്തില്‍ മറ്റു പുനഃപരിശോധനകളില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ കമീഷന്‍ 2011ല്‍ നല്‍കിയ ശിപാര്‍ശ മുന്‍നിര്‍ത്തിയാണ് തീരുമാനം. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഒ.ബി.സി വിഭാഗങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെ സ്വന്തം ചേരിയില്‍ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള രാഷട്രീയ ലാക്കും ഈ നിര്‍ദേശത്തില്‍ അടങ്ങിയിരിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
Discussion about this post