പത്തനംതിട്ട: ഗതാഗത മന്ത്രി തോമസ് ചാണ്ടി മാത്തൂര്‍ ഭഗവതീക്ഷേത്രഭൂമി കൈക്കലാക്കിയത് മഠത്തില്‍ കുടുംബത്തിലെ പിന്തലമുറക്കാരുടെ പേരില്‍ തയാറാക്കിയ വ്യാജ പട്ടയത്തിന്റെ മറവിലെന്ന് റിപ്പോര്‍ട്ട്. തോമസ് ചാണ്ടിയാണ് സുഹൃത്ത് പോള്‍ ഫ്രാന്‍സിസിനു വേണ്ടി പട്ടയം ചമയ്ക്കാന്‍ കൂട്ടുനിന്നതെന്ന് മാത്തൂര്‍ കുടുംബം വ്യക്തമാക്കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
1998 ഏപ്രില്‍ നാലിനാണ് മഠത്തില്‍ കുടുംബത്തിന്റെ പേരില്‍ അന്നു കുട്ടനാട് തഹസില്‍ദാരായിരുന്ന ലളിതമ്മ പട്ടയം നല്‍കിയത്. ലളിതമ്മയ്ക്ക് അതിനുള്ള അധികാരം ഉണ്ടായിരുന്നില്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. കുട്ടനാട്ടിലെ കണ്ടുകൃഷിഭൂമിക്കു പട്ടയം നല്കാന് 1995 വരെ കുട്ടനാട് തഹസില്‍ദാര്‍ക്ക് അധികാരമുണ്ടായിരുന്നു. അതിനുശേഷം 2006 വരെ ഈ അധികാരം കോട്ടയം തഹസില്‍ദാരില്‍ നിക്ഷിപ്തമായിരുന്നു. ആ നിലയ്ക്ക് കുട്ടനാട് തഹസില്‍ദാര്‍ 1998-ല്‍ നല്കിയ പട്ടയത്തിന് എങ്ങനെ സാധുതയുണ്ടാകുമെന്നാണ് മഠത്തില്‍ കുടുംബത്തിന്റെ ചോദ്യം.
വ്യാജ പട്ടയം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പോള്‍ ഫ്രാന്‍സിസും തോമസ് ചാണ്ടിയും നിയമത്തിന്റെ എല്ലാ വശങ്ങളും മറികടന്ന് മാത്തൂര്‍ കുടുംബത്തെ ചതിക്കുകയായിരുന്നുവെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
മാത്തൂര്‍ കുടുംബത്തിന്റെ കൈവശമിരുന്ന 34.68 ഏക്കര്‍ സ്ഥലത്തിന് 7867 നമ്പരായി 1986 ജൂണ്‍ 19-നാണു പട്ടയം ലഭിച്ചത്. ഇത് കണക്കാക്കാതെ നൂറു വര്‍ഷം മുമ്പ് രാജഭരണകാലത്ത് മാത്തൂര്‍ കുടുംബത്തിനു ലഭിച്ച നാനൂറില്‍പ്പരം ഏക്കര്‍ ഭൂമിയുടെ 1020, 889 നമ്പര്‍ പട്ടയങ്ങളുടെ പേരു പറഞ്ഞാണ് പോള്‍ ഫ്രാന്‍സിസും തോമസ് ചാണ്ടിയും കരുക്കള്‍ നീക്കിയത്. ഈ പട്ടയങ്ങള്‍ കാട്ടി മഠത്തില്‍ കുടുംബവുമായി ഭൂമിക്ക് ബന്ധമുണ്ടെന്നു സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു.
തുടര്‍ന്ന്, മങ്കൊമ്പ് തഹസില്‍ദാരായി സേവനമനുഷ്ഠിച്ച ശേഷം ആലപ്പുഴയ്ക്കു സ്ഥലംമാറിപ്പോയ ബാലകൃഷ്ണപ്പണിക്കരെ ഉപയോഗിച്ച് ഭൂമി സംബന്ധിച്ച് ആലപ്പുഴ ലാന്‍ഡ് ട്രിബ്യൂണലിനെക്കൊണ്ട് സ്വമേധയാ കേസെടുപ്പിച്ചു. പോള്‍ ഫ്രാന്‍സിസിന്റെ ബന്ധുക്കളായ അഞ്ചു പേരുടെ പേരിലാണു ഭൂമിയെന്ന് 1998 ഒക്ടോബര്‍ 26-ന് ലാന്‍ഡ് ട്രിബ്യൂണല്‍ വിധി പ്രഖ്യാപിച്ചു. കേസ് പിന്നീട് ചേര്‍ത്തല ലാന്‍ഡ് ട്രിബ്യൂണലിലേക്കു മാറ്റി. ഇതേത്തുടര്‍ന്നാണ് വ്യാജരേഖകളുടെ ബലത്തില്‍ പട്ടയം തയാറാക്കിയത്. ഈ പട്ടയം ഉപയോഗിച്ച് മഠത്തില്‍ കുടുംബത്തിന്റെ 2178-ാം നമ്പര്‍ പട്ടയത്തിന്റെ പേരില്‍ 98 സെപ്റ്റംബര്‍ 2ന് “വകുപ്പടി” പ്രകാരം 94.68 ഏക്കര്‍ ഭൂമിക്ക് കരമടച്ചു.
പോള്‍ ഫ്രാന്‍സിസിന്റെ ഈ ബന്ധുക്കള്‍ വിദേശ പൗരത്വമുള്ളവരാണെന്നതു ശ്രദ്ധേയമാണ്. ഇവരുടെ വ്യാജ മേല്‍വിലാസം ഉപയോഗിച്ചാണ് കരമടച്ചത്. തുടര്‍ന്ന് ഇവരുടെ പക്കല്‍നിന്ന് എംബസി മുഖേന പവര്‍ ഓഫ് അറ്റോര്‍ണി വരുത്തിച്ചു. ഇതില്‍ ചില തെറ്റുകള്‍ സംഭവിച്ചതിനാല്‍ പോള്‍ ഫ്രാന്‍സിസ് ബന്ധുക്കളുടെ പേരില്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി സൃഷ്ടിക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്.
1998 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് പോള്‍ ഫ്രാന്‍സിസും വിദേശപൗരത്വമുള്ള ബന്ധുക്കളും ചേര്‍ന്ന് മഠത്തില്‍ കുടുംബത്തില്‍നിന്നു വ്യാജ പട്ടയത്തിന്റെ ബലത്തില്‍ ഭൂമി വാങ്ങിയതെന്നാണ് രേഖകളില്‍ പറയുന്നത്.
2001 ഏപ്രില്‍ 24-നും മേയ് അഞ്ചിനുമിടയ്ക്ക് നാലു തവണകളായി തോമസ് ചാണ്ടി പോള്‍ ഫ്രാന്‍സിസില്‍നിന്ന് 34.68 ഏക്കര്‍ സ്ഥലം തന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും പേരില്‍ സ്വന്തമാക്കി. ഇതെല്ലാം 98-ലെ വ്യാജ പട്ടയത്തിന്റെ ബലത്തിലായിരുന്നു. ഇക്കാര്യത്തെപ്പറ്റി അടിയന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ റവന്യു വകുപ്പില്‍നിന്നു നടപടി ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post