തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ജനരക്ഷ യാത്ര മാറ്റിയത് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട്. സംസ്ഥാന നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരന് മാറുമെന്നാണ് റിപ്പോര്‍ട്ട്. കുമ്മനം രാജശേഖരന് കേന്ദ്രമന്ത്രിസഭാംഗമാകും. പകരം പ്രസിഡണ്ടായി പുതിയ ഒരാളെ പരിഗണിക്കുന്നുവെന്നാണ് വിവരം. ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തില്‍ സജീവമല്ലാത്ത ആളെയാണ് പരിഗണിക്കുന്നത്. വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുന:സംഘടന.
ദേശീയ നേതാവായ മലയാളി അരവിന്ദ മേനോന്റെ പേരാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം പരിഗണിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ അരവിന്ദമേനോന്‍ ഇപ്പോള്‍ ദേശീയ ചുമതലയാണ് വഹിക്കുന്നത്. ബിജെപി മധ്യപ്രദേശ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. 2008-2013 വരെയുള്ള കാലഘട്ടത്തില്‍ മധ്യപ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതലയും അദ്ദേഹത്തിനായിരുന്നു. പിന്നിട് ഡല്‍ഹിയുടെ ചുമതലയിലേക്ക് അദ്ദേഹം വന്നു. വിവിധ സംസ്ഥാനങ്ങളിലെ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന രീതിയിലുള്ള അനുഭവപരിചയം കേരളത്തില്‍ പാര്‍ട്ടിയെ സംഘടിപ്പിക്കാന്‍ തുണയാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പിസം അതിജീവിച്ച് സംഘടന സംവിധാനത്തെ ചടുലമായി മുന്നോട്ടു കൊണ്ടു പോകാന്‍ അരവിന്ദ മേനോന് കഴിയുമെന്നാണ് അമിത് ഷായുടെ കണക്കു കൂട്ടല്‍. അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അരവിന്ദ മേനോനെ സംസ്ഥാന ഘടകം നേതാക്കള്‍ക്കും സ്വീകരിക്കാതെ തരമില്ല.ദേശീയ തലത്തില്‍ ആര്‍എസ്എസ് നേതൃത്വത്തിനും സ്വീകാര്യനായ ആളാണ് അരവിന്ദമേനോന്‍.
സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് കുമ്മനത്തെ മാറ്റുന്നതിനൊപ്പം മറ്റു നേതാക്കളുടെ ചുമതലയിലും കാര്യമായ മാറ്റം വരും. മുന്‍ അധ്യക്ഷന്‍ വി മുരളീധരന് ദേശീയ മാര്‍ഗ്ഗ നിര്‍ദ്ദേശക മണ്ഡലിലേക്ക് മാറുമെന്നാണ് വിവരം. ചില ജനറല്‍ സെക്രട്ടറിമാരുടെ കാര്യത്തിലും മാറ്റമുണ്ടാകും. ചിലര്‍ ദേശീയ ചുമതലകളിലേക്ക് മാറും.
മെഡിക്കല്‍ കോഴ വിവാദം ഉള്‍പ്പടെ പാര്‍ട്ടിയില്‍ ഉണ്ടായ പൊട്ടിത്തെറികള്‍ വലിയ തിരിച്ചടിയായെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജില്ല തലത്തില്‍ ഉള്‍പ്പടെ സമഗ്രമായ മാറ്റമാണ് കേന്ദ്ര നേതൃത്വം ഉദ്ദേശിക്കുന്നത്. അഴിമതി ആരോപണവിധേയരായ ആരും നേതൃത്വത്തില്‍ ഉണ്ടാവരുത് എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം.
Discussion about this post