ഡെറാഡൂണ്‍: രാജ്യത്തിന്റെ വിവിധ മേഖലകളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരള്‍ച്ചയും തടയുന്നതിനായി നദീ സംയോജന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. വലിയ നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. 5.5 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെക്കുന്നത്.
പദ്ധതി നടപ്പിലായാല്‍ മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് വലിയ നേട്ടം. 60 നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് അസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലുണ്ടാക്കിയ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് പദ്ധതി വേഗത്തിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്കി കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതി ഒരുക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കര്‍ണാവതി നദിയില്‍ ഒരു അണക്കെട്ട് നിര്‍മിച്ച് 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍ നിര്‍മിച്ച് ബേട്ട്വാ നദിയെയും കര്‍ണാവതി നദിയെയും തമ്മില്‍ ബന്ധിപ്പിക്കും. ഇതിനായി 6.5 ശതമാനം വനമേഖല ഉപയോഗിക്കേണ്ടി വരികയും 2000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയും വേണം. പരിസ്ഥിതി, വന സംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ അനുമതി പദ്ധതിക്കായി തേടിയിട്ടുണ്ട്.
ഈ രണ്ട് നദികളും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത്. ഈ സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നതിനാല്‍ കെന്ബേട്ട്വാ പദ്ധതി പാര്‍ട്ടിക്ക് നേട്ടമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷ.
തര്‍ക്കങ്ങള്‍ ഒഴിവാക്കി പദ്ധതി നടപ്പാക്കുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും ഒന്നാം ഘട്ടം നടപ്പാക്കുന്നത്. നര്‍മദ, ഗംഗ, പിന്‍ജാല്‍ തുടങ്ങിയ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ഗുജറാത്തിലും മഹാരാഷ്ട്രയിലുമായിരിക്കും ആദ്യം നടപ്പാക്കുന്നത്.
Discussion about this post