നല്ലൊരു കട്ടൻ ചായ എങ്കിലും കിട്ടാത്ത പ്രഭാതത്തെ കുറിച്ച് നമുക്ക് ഓർക്കാൻ കൂടി കഴിയില്ല അല്ലേ… ഇടവേളകൾ ആനന്ദകരമാക്കാൻ ഗുപ്തനെ പോലെ ചായ ഊതി ഊതി കുടിക്കാനാനാണ് നമ്മളിൽ പലർക്കും ഇഷ്ടം. എന്നാൽ ചായ പ്രേമികളോട് ഒന്ന് ചോദിക്കട്ടെ.. നിങ്ങൾക്ക് ഈ ചായയയെ കുറിച്ച് എന്ത് അറിയാം?
ചായ എന്ന രണ്ടക്ഷരത്തിൽ ഒതുങ്ങുന്നതല്ല ചായയുടെ മാഹാത്മ്യം. കട്ടൻചായ, സ്‌ട്രോങ്, ലൈറ്റ്, മീഡിയം, വിത്ത്, വിത്തഔട്ട്, മസാല, ഇഞ്ചിക്കട്ടൻ,പൊടിച്ചായ, ഔഷധച്ചായ, സുലൈമാനി… ആറ് മലയാളിയ്ക്ക് നൂറ് മലയാളം എന്ന പോലെ എത്ര എത്ര വൈവിധ്യങ്ങളാണ് ചായയ്ക്ക് മാത്രം. അങ്ങനെ ഒന്നോർത്താൽ നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ചായ… ലോകത്തിൽ വെള്ളം കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ കുടിച്ചു തീർക്കുന്ന പാനീയവും ചായ തന്നെ… ചായ ഇത്ര പ്രിയങ്കരവും സവിശേഷവുമായത് കൊണ്ട് തന്നെയാണ് എല്ലാവർഷവും മെയ് 21 അന്താരാഷ്ട്ര ചായ ദിനമായി ആഘോഷിച്ചുവരുന്നതും. തേയില ഉൽപ്പാദനം നടത്തുന്ന രാജ്യങ്ങൾക്ക് അതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും ദിശാബോധം നൽകുന്നതിനുമായാണ് ഇങ്ങനെ ചായ ദിനം കൊണ്ടാടുന്നത്.
എങ്ങനെയാണ് ചായയുടെ പിറവി? ആരാണ് ഈ സവിശേഷ പാനീയം ആദ്യമായി ഉപയോഗിച്ചത്…. വാമൊഴി കഥകൾ അനുസരിച്ച് ഏതാണ് 5,000 വർഷങ്ങൾക്ക് മുൻപ് ചൈനയിലാണ് ചായ ആദ്യമായി മധുപകർന്നത്. ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നൂങ് ആണ് ചായ ആദ്യമായി രുചിച്ചറിഞ്ഞത്.
കാട്ടിൽ പതിവുപോലെ വേട്ടയ്ക്ക് പോയ ഇദ്ദേഹം അൽപ്പം വെള്ളം ചൂടാക്കാൻ വെക്കുകയും ഏതോ ചെടിയുടെ ഉണങ്ങിയ ഇലകൾ വെള്ളത്തിലേക്ക് പാറിവീഴുകയും ചെയ്തു. തവിട്ടുനിറത്തിലായ ഈ വെള്ളം രുചിച്ചുനോക്കിയ ചക്രവർത്തിയ്ക്ക് എന്തിന്നില്ലാത്ത ഉന്മേഷം അനുഭവിച്ചറിയാൻ സാധിച്ചു. ചായ എന്ന സൂപ്പർഹിറ്റ് പാനീയത്തിന്റെ കഥ അവിടെ തുടങ്ങുന്നു.
ചാ എന്ന ചൈനീസ് പദത്തിൽ നിന്നാണ് ചായയുടെ തുടക്കം. ഒരുമാതിരിപ്പെട്ട എല്ലാ ഏഷ്യൻ ഭാഷകളിലും ചായ് എന്നാണ് ചായ അറിയപ്പെടുന്നത്. ചൈന മറച്ചുപിടിച്ച ഈ അത്ഭുത പാനീയം ബുദ്ധ സന്യാസിമാരിലൂടെ ജപ്പാനിലെത്തുകയും പിന്നീട് മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ചായയുടെ രുചി നന്നേ ഇഷ്ടപ്പെട്ട ബ്രിട്ടീഷുകാർ ഇന്ത്യൻ മണ്ണിലും വിത്തിറക്കുകയായിരുന്നു. 1839 ൽ അസമിൽ ആരംഭിച്ച തേയില കൃഷിയിലൂടെ 1888 ആയപ്പോഴേക്കും തേയില കയറ്റുമതിയിലൂടെ ചൈനയെ കടത്തിവെട്ടാൻ തക്കവണ്ണം ചായപെരുമയിൽ ഇന്ത്യ വളർന്നു. ഇന്ന് തേയില കയറ്റുമതിയിൽ മാത്രമല്ല ചായ ഉപയോഗത്തിലും ഇന്ന് ഇന്ത്യ തന്നെയാണ് മുന്നിൽ.
ആഡംബരത്തിലും ചായ ഒട്ടും പിറകിലല്ല… ബ്രാൻഡ് മാറുന്നത് അനുസരിച്ച് വിലയും കൂടും… ചായയുടെ ജന്മദേശമായ ചൈനയിലാണ് ഏറ്റവും വിലകൂടിയ തേയില ഉത്പാദിപ്പിക്കുന്നത്. ഡാ ഹോഹ് പാവോ ടീ എന്നറിയപ്പെടുന്ന ഈ ചായ ദേശീയ നിധിയായാണ് അറിയപ്പെടുന്നത്… കിലോഗ്രാമിന് ഏകദേശം 9 കോടിയിലധികമാണ് വില. വില കേട്ട് ഞെട്ടണ്ട, ഏറ്റവും ചെലവേറിയ രണ്ടാമത്തെ ചായയും ചൈനയിൽ നിന്ന് തന്നെയാണ് പാണ്ട ഡംഗ് ടീ എന്നാണ് ഈ ചായയുടെ പേര്. പാണ്ട കരടിയുടെ വിസർജ്യം ഈ തേയില കൃഷിക്ക് വളമായി ഉപയോഗിക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. 57 ലക്ഷം രൂപയിലധികമാണ് ഒരു കിലോ പാണ്ട ഡംഗ് ടീയ്ക്ക് വില.
സിംഗപ്പൂരിൽ ഉത്പാദിപ്പിക്കുന്ന യെല്ലോ ഗോൾഡ് ടീ വിലകൂടിയ ചായയിൽ മൂന്നാം സ്ഥാനത്ത്. ഈ ടീയുടെ ഇലകൾ സ്വർണ്ണം പോലെ തിളങ്ങുന്നു. ഈ തേയില കൃഷി ചെയ്യുമ്പോൾ വർഷത്തിലൊരിക്കൽ മാത്രമേ ഇലകൾ മുറിക്കാറുള്ളൂ, അതും സ്വർണ്ണ കത്രിക കൊണ്ട് മുറിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കിലോയ്ക്ക് 6 ലക്ഷത്തിലധികമാണ് ഇതിന്റെ വില…
ഇന്ത്യയിലും ചായയുടെ വിലയുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല. ലോകത്തിലെ ഏറ്റവും വിലയേറിയ നാലാമത്തെ ചായ ഇന്ത്യയിൽ നിന്നാണ്. സിൽവർ ടിപ്സ് ഇംപീരിയൽ ടീ വളരെ പ്രത്യേകതയുള്ളവയാണ്, ഈ ടീ ഇലകൾ പൗർണ്ണമി രാത്രികളിൽ മാത്രം പറിച്ചെടുക്കും, അതും വിദഗ്ധർ അതീവ ശ്രദ്ധയോടെയാണ് മുറിച്ചെടുക്കുന്നത്. ഡാർജിലിംഗിലെ മലഞ്ചെരിവുകളിലെ മകൈബാരി ടീ എസ്റ്റേറ്റിൽ നിന്ന് വിളവെടുക്കുന്ന തേയിലയാണിത്. വെള്ളി സൂചികൾ പോലെയാണ് ഇതിന്റെ ഇലകൾ. കിലോയ്ക്ക് ഒന്നര ലക്ഷത്തിലധികമാണ് ഇതിന്റെ വില..
ഈ വിലയൊന്നും കേട്ട് ഞെട്ടണ്ട…നമുക്കൊക്കെ സാധാരണ ചായ മതി. നമ്മുടെ ഗൃഹാതുരത്വമുണർത്താനും ഉന്മേഷമാവാനും..ന്യൂജൻ കഫ്ത്തീയകളിലെയോ പെട്ടിക്കടയിലേയോ പത്തോ പന്ത്രണ്ടോ രൂപയ്ക്ക് ലഭിക്കുന്ന ഒരു കപ്പ് ചായ തന്നെ ധാരാളം അല്ലേ.. എന്നാൽ ഈ ചായ പ്രേമം ഒരു അഡിഷ്‌കനായി മാറാതെയും നോക്കണം… അമിതമായി ചായ കുടിക്കുന്നത് നിങ്ങളെ രോഗിയാക്കും മാറാരോഗി….
Discussion about this post