തൃശൂര്‍: സര്‍ക്കാരിന്റെ സഹായത്തിനു കാത്തുനിന്ന ദലിത് പെണ്‍കുട്ടി റിമ രാജന്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്തായി. പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയില്‍ എംഎസ്‌സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയും തൃശൂര്‍ കൊടകര സ്വദേശിയുമായ റിമ രാജനാണ് അര്‍ഹമായ സ്‌കോളര്‍ഷിപ് അനുവദിക്കുന്നതില്‍ പട്ടികജാതിവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയെത്തുടര്‍ന്നു പഠനം നിര്‍ത്തേണ്ടിവരുന്നത്.
‘താങ്കളുടെ അക്കാദമിക മികവു പരിഗണിച്ചു മൂന്നു മാസം സാവകാശം നല്‍കി. ഇനി തുടരാന്‍ അനുവദിക്കാന്‍ ഞങ്ങള്‍ക്കാവില്ല. സെപ്റ്റംബര്‍ രണ്ടിന് അഞ്ചിനകം പണമടച്ചില്ലെങ്കില്‍ നിങ്ങളെ സര്‍വകലാശാലയില്‍നിന്നു പുറത്താക്കും’ എന്ന ആ കത്തിലെ വരികള്‍ കേരളത്തിനും മുഴുവന്‍ മലയാളികള്‍ക്കുമുള്ള നാണക്കേടിന്റെ കുറിപ്പായി മാറിയിരിക്കുന്നു.
ഒന്നര വര്‍ഷമായി സെക്രട്ടേറിയറ്റ് കയറിയിറങ്ങുകയാണ് റിമയുടെ കുടുംബം. സ്‌കോളര്‍ഷിപ് കിട്ടിയില്ലെങ്കില്‍ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കുമെന്ന ആവലാതിയുമായി റിമയുടെ അച്ഛന്‍ രാജന്‍ മന്ത്രി എ.കെ.ബാലനടക്കമുള്ളവരെ കണ്ടിരുന്നു. എന്നാല്‍, വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണു പരാതി.
നോക്കാമെന്നും ഫയല്‍ വീണ്ടും നോക്കാന്‍ പറഞ്ഞിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ഇന്നു സര്‍വകലാശാലയില്‍നിന്നു പുറത്താക്കുമെന്ന വാര്‍ത്ത വന്നിട്ടും ലഭിച്ചത്. പലരും അനാവശ്യ കോഴ്‌സുകള്‍ക്കു വിദേശത്തു പോവുകയും തോന്നിയപോലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയുമാണെന്നാണു പട്ടികജാതിവകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍, ഇന്ത്യയില്‍ ഇല്ലാത്ത കോഴ്‌സിനു പട്ടികജാതി വിദ്യാര്‍ഥികള്‍ വിദേശത്തു പ്രവേശനം നേടിയാല്‍ മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ് നല്‍കുമെന്നാണു ചട്ടം. ഈ ചട്ടം ലംഘിച്ചു ചൈനയില്‍ എംബിബിഎസിനു പഠിക്കുന്നവര്‍ക്കുപോലും സ്‌കോളര്‍ഷിപ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇല്ലാത്ത കോഴ്‌സാണെന്നു ബോധ്യപ്പെടുത്തിയിട്ടും സ്‌കോളര്‍ഷിപ് നല്‍കിയില്ല.
പട്ടികജാതി കമ്മിഷനു മുന്നില്‍ റിമയുടെ പരാതി എത്തിയപ്പോള്‍ അനുകൂല നിലപാട് കമ്മിഷന്‍ സ്വീകരിച്ചിരുന്നു. എന്നിട്ടും റിമയുടെ ഫയല്‍ നീങ്ങിയില്ല. ഇന്ന് അഞ്ചുമണിയെന്നതാണു ടെര്‍മിനേഷന്‍ ലെറ്ററില്‍ നല്‍കിയിരിക്കുന്ന അവസാന വരി. പണമടയ്ക്കാനാകുമെന്നൊരുറപ്പ് സര്‍ക്കാരില്‍നിന്നു കത്തായി ലഭിച്ചാല്‍ ചിലപ്പോള്‍ റിമയ്ക്കു തുടരാനാവും.
Discussion about this post