ഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ തന്റെ അംഗത്വം കേരളീയര്‍ക്കുള്ള അംഗീകാരമാണെന്ന് നിയുക്ത മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായി താന്‍ പ്രവര്‍ത്തിക്കും. കേരളത്തിനും ഈ രാജ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമായിട്ടാണ് മന്ത്രിപദവിയെ കാണുന്നതെന്നും, കേരളത്തിന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഉറപ്പിക്കുകയും കേന്ദ്രപദ്ധതികള്‍ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും കണ്ണന്താനം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഒരു സൂചനയും തനിക്ക് നേരത്തെ ലഭിച്ചിരുന്നില്ലെന്ന് കണ്ണന്താനം വെളിപ്പെടുത്തി. ഞായാറാഴ്ച്ച കോഴിക്കോട് നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള ഒരു യാത്രയിലായിരുന്നു ഞാന്‍ ബെംഗളൂരുവിലെത്തിയപ്പോള്‍ ആണ് ഡല്‍ഹിയില്‍ തിരിച്ചെത്താനുള്ള നിര്‍ദേശം ലഭിച്ചത്. വൈകുന്നേരം ആറ് മണിയോടെ പ്രധാനമന്ത്രി വിളിച്ചു നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു – കണ്ണന്താനം പറഞ്ഞു.
ഏത് വകുപ്പ് കിട്ടണമെന്ന കാര്യത്തില്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. നന്നായി ജോലി ചെയ്യുക എന്നതാണ് പ്രധാനം. നല്ല മനുഷ്യനാവണം നല്ല കാര്യങ്ങള്‍ ചെയ്യണം എന്ന് നാം തീരുമാനിച്ചാല്‍ ആര്‍ക്കും നമ്മളെ തടയാനാവില്ല. നമ്മുടെ രാജ്യം നന്നാവാണം അതിന് നമ്മളും പ്രവൃത്തിയിലൂടെ ശ്രമിക്കണം. ആരുമല്ലാതിരുന്ന എന്നെ മന്ത്രിയാക്കുക എന്നു പറയുമ്പോള്‍ തീര്‍ച്ചയായും അത് കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണ്. കേരളത്തിലെ ബിജെപി നേതാക്കള്‍ പലരും തന്നെ വിളിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തെന്നും കണ്ണന്താനം പറഞ്ഞു.
മന്ത്രിസ്ഥാനം ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമാണോയെന്ന ചോദ്യത്തിന് ക്രിസ്ത്യാനികളും ഇന്ത്യയുടെ ഭാഗമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. ക്രിസ്ത്യാനികളേയും ഇന്ത്യയുടെ ഭാഗമായി കണ്ട് ഒരുമിച്ചു കൊണ്ടു പോകണം. അങ്ങനെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ ഒരു ഇന്ത്യക്കാരാനാണ്, ഇന്ത്യന്‍ പൗരനാണ് എല്ലാ ക്രിസ്ത്യാനികളും അങ്ങനെ തന്നെയാണ്. അവരെയെല്ലാം രാജ്യത്തിന് വേണ്ടി ഉപയോഗിക്കാം.
കഴിവുള്ളവരെ രാജ്യത്തിനായി ഉപയോഗിക്കുക എന്ന നയമാണ് മന്ത്രിസഭാ പുനസംഘടനയില്‍ പ്രധാനമന്ത്രി സ്വീകരിച്ചതെന്നാണ് താന്‍ കരുതുന്നതെന്നും കണ്ണന്താനം പറഞ്ഞു.
Discussion about this post