ബംഗളൂരു: ബിജെപിയുടെ മംഗളൂര്‍ ചലോ മാര്‍ച്ച് പൊലീസ് തടഞ്ഞാലും നടത്തുമെന്ന് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി യെദിയൂരപ്പ. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
ജഗദീഷ് ഷെട്ടാര്‍, നളിന്‍കുമാര്‍ ഖട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ബിജെപി വ്യക്തമാക്കി.
ജ്യോതി സര്‍ക്കിളില്‍ നിന്ന് നെഹ്റു മൈതാനിയിലേക്ക് മാര്‍ച്ച് നടത്താനാണ് ബിജെപി നീക്കം. എന്നാല്‍ മാര്‍ച്ച് അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം 11 മണി മുതല്‍ രണ്ട് മണിവരെ പ്രതിഷേധ സമ്മേളനം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം ബിജെപിയുടെ മംഗലൂരു ചലോ മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ മംഗലൂരു നഗരത്തില്‍ വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് നേരത്തെ കര്‍ണാടക പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്താനുള്ള നീക്കത്തിലാണ് ബിജെപി.
ഇതേതുടര്‍ന്നാണ് മംഗലൂരുവില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയത്. നഗരത്തില്‍ അര്‍ധ സൈനിക വിഭാഗം റൂട്ട് മാര്‍ച്ചും നടത്തിയിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സാഹചര്യം കൂടെ പരിഗണിച്ചാണ് പൊലീസ് മുന്‍ കരുതല്‍.
കര്‍ണാടകത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ആരോപണ വിധേയരായ സംഘടനകളെ നിരോധിക്കുക, മംഗലൂരു ജില്ലയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രി രാംനാഥ് റായ് രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റാലി.
Discussion about this post