തിരുവനന്തപുരം: ചൈനാ സന്ദര്‍ശനത്തിന് അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. രാഷ്ട്രീയ കാരണങ്ങളാണോ ഇതിന് പിന്നിലെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലോക ടൂറിസം ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കാരണം വ്യക്തമാക്കാതെ അനുമതി നിഷേധിച്ചിട്ടുള്ളത്.യുഎൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തെ നയിക്കാനിരുന്നത് കടകംപള്ളിയാണ്. കേരള സംഘത്തിന്റെ തലവൻ എന്ന നിലക്കായിരുന്നു നയതന്ത്ര പാസ്പോർട്ടിന് അനുമതി തേടിയത്. വ്യക്തമായ കാരണം പറയാതെ അനുമതി നിഷേധിച്ചു എന്ന അറിയിപ്പാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മന്ത്രിയുടെ ഓഫീസിന് കിട്ടിയത്.
ഈ മാസം 11 മുതൽ 16വരെയാണ് യോഗം. ചൈനയുമായുള്ള തർക്കമാണോ യാത്ര നിഷേധിക്കാൻ കാരണമെന്ന് വ്യക്തമല്ല. ബ്രിക്സ് ഉച്ചകോടിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുരുകിയിരുന്നു.
അതേ സമയം മന്ത്രിക്ക് അനുമതി നിഷേധിച്ചത് സംബന്ധിച്ച് അറിവില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഉന്നതതലത്തിലാണ്. വിദേശ യാത്രകൾക്ക് അനുമതി നൽകുന്നത് വിവിധ വശങ്ങൾ പരിശോധിച്ചാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Discussion about this post