വാരണാസി: ഞങ്ങള്‍ തറക്കല്ലിട്ട പദ്ധതികള്‍ ഞങ്ങള്‍ തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തറക്കല്ലിടുക മാത്രമല്ല, തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയില്‍ വഡോദര മഹാമന എക്സ്പ്രസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനമാണ് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം.അതുകൊണ്ട് തന്നെ പൗരന്മാര്ക്ക് സ്വന്തം കാലില്‍ നില്‍ക്കുന്നതിനുള്ള സഹായമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതികളെല്ലാം ജനങ്ങളുടെ ക്ഷേമത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയില്‍ നിന്നും ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാലങ്ങള്‍ ഉള്‍പ്പെടെ പതിനേഴോളം പദ്ധതികളാണ് മോദി വാരാണസിക്ക് സമര്‍പ്പിക്കുക.
വാരാണസിയെയും ഗുജറാത്തിലെ വ്യവസായ നഗരം സൂററ്റ്, വഡോദര എന്നിവയെയും ബന്ധിപ്പിക്കുന്ന മഹാമാന എക്സ്പ്രസ് സര്‍വീസിന്റെ ഉദ്ഘാടനമാണ് മോദിയുടെ യാത്രയിലെ വലിയ പരിപാടി. 2014ല്‍ മോദി മത്സരിച്ച മണ്ഡലങ്ങളാണ് വഡോദരയും വാരാണസിയും. രണ്ടിടത്തും ജയിച്ച മോദി വാരാണസി മണ്ഡലം നിലനിര്‍ത്തി. തന്റെ രണ്ടു മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസാണ് മോദി ആരംഭിച്ചത്.
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മിച്ച ആകര്‍ഷകമായ കോച്ചുകളാണ് മഹാമാന എക്സ്പ്രസിന്റെ പ്രത്യേകത. ഹിന്ദു മഹാസഭ അധ്യക്ഷന്‍ മദന മോഹന്‍ മാളവ്യയുടെ സ്മരണാര്‍ഥമാണ് അദ്ദേഹത്തിന്റെ വേറൊരു പേരായ മഹാമാന എന്നത് ട്രെയിനിന് നല്‍കിയത്. വഡോദരയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ട്രെയിന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ശനിയാഴ്ച ട്രെയിന്‍ വാരാണസിയില്‍ എത്തുമ്പോള്‍ ഔദ്യോഗിക ഉദ്ഘാടനവും നടക്കും.
കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായുള്ള കേന്ദ്രവും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. ബഡാ ലാല്‍പുരിലെ ദീനദയാല്‍ ഹസ്തകല സന്കുലില്, നഗരത്തിലെ കൈത്തൊഴില്‍ കലാകാരന്മാര്ക്കെല്ലാം കച്ചവടം നടത്താനുള്ള സൗകര്യമുണ്ട്. കണ്വന്ഷന് ഹാളും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. രാംനഗര്‍-സാമ്നെ ഘട്ട് പാലം, ബലുവാ ഘട്ട് പാലം, ഗംഗ വൃത്തിയാക്കുന്നതായി രാംമ്ന മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ വലിയ പദ്ധതികള്‍ പ്രഖ്യാപിക്കും. മൈക്രോഫിനാന്‍സ് രംഗത്തെ പ്രമുഖരായ ഉത്കര്‍ഷ് ബാങ്കിന്റെ ഇവിടത്തെ പ്രവര്‍ത്തനോദ്ഘാടനവും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും.
Discussion about this post