എറണാകുളം : പെരുമ്പാവൂരിലെ വെങ്ങൂർ പഞ്ചായത്തിൽ കൂട്ടത്തോടെ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനെ തുടർന്ന് ഒരു മരണം. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മയാണ് മരിച്ചത്. ഒരു പെൺകുട്ടി അടക്കം മൂന്നുപേർ കൂടി അതീവ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. വെങ്ങൂർ പഞ്ചായത്തിലെ 171 പേർക്കാണ് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചിട്ടുള്ളത്.
ജല അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥ മൂലമാണ് വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചിരിക്കുന്നത്. പല വീടുകളിലും കുടുംബാംഗങ്ങൾക്ക് മൊത്തം രോഗബാധ ഉണ്ടായിട്ടുണ്ട്.
ജലവിതരണം നടത്തുന്നവർക്ക് ക്ലോറിനേഷനിൽ വന്ന വീഴ്ചയാണ് ഒരു പ്രദേശത്തെ ആകെ ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നത്. ജല അതോറിറ്റി ഈ പ്രദേശത്ത് വിതരണം ചെയ്ത ജലം പരിശോധിച്ചപ്പോൾ ക്ലോറിന്റെ അംശം പോലും കണ്ടെത്താനായിട്ടില്ല. ഈ മേഖലയിലെ വീടുകളിൽ ജല അതോറിറ്റി വിതരണം ചെയ്ത ജലം പരിശോധിച്ചപ്പോൾ മലിനജലം എന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.
ഹെപ്പറ്റൈറ്റിസ് എ രോഗബാധയെ തുടർന്ന് ലക്ഷക്കണക്കിന് രൂപയാണ് രോഗബാധ ഉണ്ടായിട്ടുള്ള ഓരോ കുടുംബത്തിനും ചികിത്സാചിലവായി വന്നിട്ടുള്ളത്. ക്ലോറിനേഷൻ നടത്താത്ത ജലവിതരണം മൂലമാണ് ഹെപ്പറ്റൈറ്റിസ് എ പടർന്നു പിടിച്ചത് എന്നുള്ള പരാതിയെ തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചു. താൽക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനിൽ വീഴ്ച വരാൻ കാരണമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
Discussion about this post