ഡല്‍ഹി: 149 ഇന്ത്യക്കാരെ മോചിതരാക്കിയ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നടപടിയെ സ്വാഗതം ചെയ്ത് നന്ദിയറിയിച്ച് സുഷമാ സ്വരാജ്. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍കേരളീയരെയും മോചിപ്പിക്കാമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ ഷാര്‍ജ ജയിലില്‍ കഴിയുന്ന 149 തടവുകാരുടെ മോചനമാണ് യാഥാര്‍ത്ഥ്യമാവുക. സാമ്പത്തിക ക്രമക്കേടുകളിലും നിസ്സാരമായ കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണ് ഇവര്‍.
We thank His Highness the Emir of Sharjah for this kind gesture. /2
— Sushma Swaraj (@SushmaSwaraj) September 26, 2017
ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, എഞ്ചിനീയറിംഗ് കോളേജും മെഡിക്കല്‍ കോളേജും പബ്ലിക് സ്‌കൂളും ഉള്‍പ്പടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ മൂന്നു പദ്ധതികള്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സജീവമായ പരിശോധനയിലാണ്. ഇത് സംബന്ധിച്ച് ഉടന്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഷാര്‍ജ ഭരണാധികാരിയുമായുള്ള സംയുക്ത കമ്യൂണിക്കെയില്‍ പറഞ്ഞു.
ഷാര്‍ജ ഭരണാധികാരി അംഗീകരിച്ച മൂന്നു പദ്ധതികളും 2016 ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. സപ്തംബര്‍ 25ന് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മൂന്ന് നിര്‍ദേശങ്ങള്‍ക്കൊപ്പം മറ്റു അഞ്ചു പദ്ധതികള്‍ കൂടി ശൈഖ് സുല്‍ത്താന് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു.
ഐടി മേഖലയിലുളള സഹകരണം, ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍; കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം അന്താരാഷ്ട്ര നിലവാരത്തിലുളള ആരോഗ്യപരിപാലന കേന്ദ്രം; പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കിനുളള സാധ്യതകള്‍; നവകേരളം കര്‍മ പദ്ധതിയിലെ ഹരിതകേരളം, ലൈഫ് മിഷനുകളുമായുളള സഹകരണം എന്നിവയാണ് ഈ ചര്‍ച്ചയില്‍ ഉന്നയിച്ച മറ്റു നിര്‍ദേശങ്ങള്‍.
കേരളത്തില്‍ അറബി പഠനത്തിനും ഗവേഷണത്തിനുമുളള ഉന്നതവിദ്യാഭ്യാസ കേന്ദ്രം ഷാര്‍ജ സ്ഥാപിക്കുമെന്ന് ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. വിദേശത്ത് ജോലി തേടുന്ന കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍പരമായ കഴിവും വൈദ്ഗധ്യവും വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് നഴ്‌സിംഗ് മേഖലയില്‍, നൈപുണ്യവികസന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാക്കണമെന്ന ആശയം ശൈഖ് സുല്‍ത്താന്‍ തന്നെ മുന്നോട്ടു വെച്ചു.
ഷാര്‍ജയില്‍ ജോലിക്കു പോകുന്നവര്‍ക്ക് കേരളത്തില്‍ത്തന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്വത്തില്‍ അംഗീകരിച്ചു. യു.എ.ഇ. നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.
കേരളവും ഷാര്‍ജയും അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതമായ കര്‍മ പദ്ധതി തയ്യാറാക്കുന്നതിന് ഇരു ഭാഗത്തിനും പ്രാതിനിധ്യമുളള ഉന്നതാധികാര ഉദ്യോഗസ്ഥ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുളള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുളള തന്റെ ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുളള ഉദ്ദേശ്യവും മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവെച്ചു. ഈ നിര്‍ണായക തീരുമാനം ഷാര്‍ജയില്‍ ജോലിചെയ്യുന്ന വലിയവിഭാഗം കേരളീയര്‍ക്ക് പ്രയോജനം ചെയ്യും.
ശൈഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുളള നന്ദി സൂചകമായി തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെയും ഷാര്‍ജയിലെയും ജനങ്ങളുടെ താല്‍പര്യത്തിന് വേണ്ടി പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചതായും, ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനം കേരള ജനതയ്ക്ക് ലഭിച്ച വലിയ ആദരവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post