തിരുവനന്തപുരം: വായ്പാതട്ടിപ്പ് കേസിൽ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെ കുടുക്കാൻ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റക്കാരനല്ലെന്ന മൂന്ന് വിജിലൻസ് റിപ്പോർട്ടുകൾ മറച്ചു വച്ചാണിത്. അവധിക്കാലത്തെ ശമ്പളം തട്ടാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന കള്ളക്കേസ് ചീറ്റിപ്പോയതിന് പിന്നാലെയാണ് അടുത്ത നീക്കം.
കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ സെൻകുമാർ ശ്രീകാര്യത്തെ കാർ പാലസ് ഉടമയ്ക്ക് 20 കോടിയടക്കം ചട്ടവിരുദ്ധമായി 50 കോടി വായ്പ അനുവദിച്ചതായി കാട്ടി തിരുവനന്തപുരം നഗരസഭയിലെ സി.പി.എം മുൻ കൗൺസിലർ എ.ജെ.സുകാർണോ നൽകിയ സ്വകാര്യ ഹർജി കോടതി പരിഗണിച്ചപ്പോഴാണ് സെൻകുമാറിന് ക്ലീൻചിറ്റ് നൽകിയ മുൻ റിപ്പോർട്ടുകൾ വിജിലൻസ് മറച്ചുവച്ചത്. ഒരു എ.ഐ.ജിയുടെ നേതൃത്വത്തിലാണ് സെൻകുമാറിനെതിരായ പടയൊരുക്കം.
കെ.ടി.ഡി.എഫ്.സി വായ്‌പ നൽകിയതിൽ ക്രമക്കേടുകളുണ്ടെന്ന പരാതി തിരുവനന്തപുരത്തെ ഒന്നാം വിജിലൻസ് യൂണിറ്റാണ് അന്വേഷിച്ചത്. ത്വരിതാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. കെ.ടി.ഡി.എഫ്.സിയിലെ മൂന്ന് ജീവനക്കാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഗുരുതരമായ കൃത്യവിലോപം കാട്ടിയ രണ്ട് പേർക്കെതിരേ വകുപ്പ് തല നടപടിക്കുമായിരുന്നു ശുപാർശ. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സെൻകുമാറിനെതിരെ ഒരു നടപടിക്കും ശുപാർശയില്ല.
ഇക്കാര്യം മേയ് 22ന് വിജിലൻസ് എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. സുക്കാർണോയുടെ സ്വകാര്യ ഹർജി പരിഗണിച്ചപ്പോൾ ഇക്കാര്യം കോടതിയെ വിജിലൻസ് അറിയിച്ചില്ല. ഡി.ജി.പി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ, സെൻകുമാറിനെതിരെ 9 പരാതികളാണ് വിജിലൻസിലെത്തിയത്. ഒന്നിലും സെൻകുമാർ കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തൽ. സെൻകുമാറിനെതിരെ നിലവിൽ ഒരു അന്വേഷണവും നടത്തുന്നില്ലെന്ന് വിജിലൻസ് ആസ്ഥാനത്തു നിന്ന് ലഭിച്ച വിവരാവകാശ രേഖയിലുമുണ്ട്. ഇക്കാര്യവും വിജിലൻസ് മറച്ചു വച്ചു.
Discussion about this post