ഭുവനേശ്വര്‍: തന്റെ ഫോണിലേക്ക് വന്ന കോള്‍ എടുത്ത സിപിഎം നേതാവിന് ബിജെപി അംഗത്വം ലഭിച്ചതായി പരാതി. ഒഡീഷയിലെ മുതിര്‍ന്ന സിപിഎം നേതാവ് ജനാര്ദ്ദനന് പതിയ്ക്കാണ് ഇങ്ങോട്ട് വന്ന കോളിലൂടെ ബിജെപിയുടെ പ്രാഥമികാംഗത്വം ലഭിച്ചത്.
ബിജെപിയുടെ മിസ്ഡ് കോള്‍ അംഗത്വ ക്യാമ്പെയിനാണ് പതിയ്ക്ക് വിനയായത്. ഒരു ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിക്കുന്നതിലൂടെ അംഗത്വം നല്കുന്ന ക്യാമ്പെയിനാണ് ബിജെപി നടപ്പിലാക്കിയിരുന്നത്. ഈ ക്യാമ്പെയിനിലൂടെ ലോകത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയായി ബിജെപി മാറിയിരുന്നു.
എന്നാല്‍ താന്‍ മിസ്ഡ് കോളോ മെസേജോ നല്‍കിയിട്ടില്ലെന്നും മാര്‍ച്ച് 22 ന് വൈകിട്ട് തനിക്ക് ലഭിച്ച ഇന്‍കമിങ് കോള്‍ എടുക്കുക മാത്രമാണ് ചെയ്തതെന്നും ജനാര്ദ്ദനന് പതി വ്യക്തമാക്കി. തന്റെ അഡ്രസും വിവരങ്ങളും ചോദിച്ചുകൊണ്ട് 1079741000 എന്ന അംഗത്വ നമ്പറോടു കൂടിയ സന്ദേശം ലഭിച്ചതായും പതി കൂട്ടിച്ചേര്‍ത്തു.
ബിജെപി അംഗത്വം അടിച്ചേല്പിക്കുകയാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പതി പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും പതി പറഞ്ഞു.
1969 മൂതല്‍ സിപിഎം അംഗമായ പതി പാര്‍ട്ടിയൂടെ കേന്ദ്ര കമ്മറ്റിയംഗംകൂടിയാണ്.
Discussion about this post