ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലായിരുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. അസുഖ ബാധിതനായ ഭര്‍ത്താവിനെ കാണുന്നതിനാണ് പരോള്‍. അഞ്ചു ദിവസമാണ് പരോള്‍ അനുവദിച്ചത്.
കടുത്ത ഉപാധികളോടെയാണ് ശശികലക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. ചെന്നൈയില്‍ ആരേയും സന്ദര്‍ശിക്കരുത്, ബന്ധുവിന്റെ വീട്ടിലാണ് താമസിക്കേണ്ടത്, മാധ്യമങ്ങളെ കാണരുത്, ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുത് എന്നിവയാണ് ഉപാധികള്‍.
പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ശശികലയുടെ അപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചട്ടപ്രകാരം ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്താത്തതിനാലാണ് നിരസിച്ചതെന്ന് ബംഗളൂരു പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ട് സോമശേഖര്‍ പറഞ്ഞു.
ശശികലയോട് വീണ്ടും അപേക്ഷ നല്‍കാനും അപേക്ഷയുടെ കൂടെ കൂടുതല്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപെട്ടിരുന്നു. 66.6 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് നാലുവര്‍ഷത്തെ ശിക്ഷയെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഇവര്‍ ജയിലിലായത്.
Discussion about this post