കൊല്ലം: വീട്ടു വഴക്കിനെക്കുറിച്ച് അമ്മയും മകളും പരാതിപ്പെട്ടപ്പോള്‍ പൊലീസ് അച്ഛനെ പോക്‌സോ ചുമത്തി ജയിലിലടച്ചതായി പരാതി. പത്തനാപുരം പാതിരിക്കല്‍ മുട്ടക്കുഴി വീട്ടില്‍ രാജേന്ദ്രനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഭാര്യ ശോഭനയും 15 വയസുള്ള മകളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മകളെ തല്ലിയെന്നല്ലാതെ അവളെ മറ്റൊരു രീതിയിലും ഭര്‍ത്താവ് സ്പര്‍ശിച്ചിട്ടേയില്ലെന്ന് ശോഭനയും അരുതാത്തതൊന്നും അച്ഛന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നു പെണ്‍കുട്ടിയും പറഞ്ഞു.
സെപ്തംബര്‍ 29ന് രാത്രി വഴക്കിനിടെ രാജേന്ദ്രന്‍ തന്നെ തല്ലിയതായി ശോഭന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തടസം പിടിക്കാനെത്തിയ മകളെയും തല്ലി. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ അന്ന് രാത്രി പത്തിന് മകള്‍ക്കൊപ്പം പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നു. മകളാണ് പരാതി എഴുതിയത്. പക്ഷേ, പത്തനാപുരം എസ്.ഐ തന്റെ മൊഴിയെടുക്കാതെ മകളോട് മാത്രം സംസാരിച്ചു. രാത്രി 11ന് കുന്നിക്കോട് സ്റ്റേഷനില്‍ എത്തിച്ചു. അടുത്ത ദിവസം രാവിലെ 9ന് മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവളെ കൊട്ടാരക്കര ആശുപത്രിയില്‍ കൊണ്ടു പോയി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. 29ന് രാത്രി ഒന്നിന് രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പിന്നീടാണറിഞ്ഞത്.
കോടതിയില്‍ ഹാജരാക്കുമ്പോള്‍ അച്ഛനെതിരെ എങ്ങനെ മൊഴി നല്‍കണമെന്ന് എസ്.ഐ പറഞ്ഞു പഠിപ്പിച്ചുവെന്നും മൊഴി മാറ്റി പറഞ്ഞാല്‍ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുമെന്ന് ഒരു പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. പീഡനം എന്നാല്‍ അച്ഛന്‍ അടിച്ചതെന്നാണ് കരുതിയത്. പിന്നീടാണ് പൊലീസ് മറ്റൊരു രീതിയിലാണ് കേസെടുത്തതെന്ന് മനസിലായത്. അപ്പോഴൊന്നും അമ്മയോട് സംസാരിക്കാന്‍ പോലും പൊലീസ് തന്നെ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം പിതാവിനെതിരെ പെണ്‍കുട്ടി മൊഴി തന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പത്തനാപുരം സി.ഐ അന്‍വറിന്റെ വാദം. പീഡനം നടന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. വ്യക്തിവൈരാഗ്യം മൂലം കേസെടുത്തതല്ല. ഇപ്പോള്‍ മൊഴിമാറ്റുന്നതിന് കാരണം അറിയില്ല. മജിസ്‌ട്രേട്ടിനും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ കൂടുതലൊന്നും പറയാനാകില്ലെന്നും എസ്‌ഐ പറഞ്ഞു.
ദളിത് നേതാവായ രാജേന്ദ്രനോട് പത്തനാപുരം എസ്.ഐ വ്യക്തിപരമായ പക വീട്ടിയതാണെന്ന ആക്ഷേപവുമായി ദളിത് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അഖില കേരള സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റാണ് രാജേന്ദ്രന്‍. പത്തനാപുരം സി.ഐ ചെയര്‍മാനായ എസ്.സി എസ്.ടി മോണിട്ടറിംഗ് കമ്മിറ്റി മെമ്പര്‍ കൂടിയായ രാജേന്ദ്രന്‍ ദളിതരുടെ പ്രശ്‌നങ്ങളില്‍ പത്തനാപുരം എസ്.ഐ എടുക്കുന്ന നിലപാടുകള്‍ക്കെതിരെ നിരന്തരം പരാതികളുന്നയിച്ചിരുന്നു. അതിന്റെ പക തീര്‍ക്കാനാണ് രാജേന്ദ്രനെ പോക്‌സോ ചുമത്തി ജയിലിലാക്കിയതെന്ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഇ.കെ. ചെല്ലപ്പനും ജനറല്‍ സെക്രട്ടറി വാളകം ശിവപ്രസാദും പറഞ്ഞു.
Discussion about this post