ആലുവ: കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊലക്കേസിലെ ഏകപ്രതി ആലുവ ഐ.എം.എ ഹാളിന് സമീപം വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ഇതോടെ ആന്റണിയ്ക്ക് തൂക്കുമരം ഉറപ്പായി. ആലുവയില്‍ ഒരു വീട്ടിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്റണി.
2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്‌ളാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെയാണ് ആന്റണി വെട്ടിക്കൊലപ്പെടുത്തിയത്.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആന്റണിയെയാണ് കുറ്റക്കാരനായി കണ്ടെത്തിയത്. സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന കമാല്‍ പാഷയാണ് വധശിക്ഷ വിധിച്ചത്. ആന്റണി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.
കീഴ്‌ക്കോടതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചതിനെ തുടര്‍ന്നാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജിയില്‍ വര്‍ഷങ്ങളായിട്ടും രാഷ്ട്രപതിയുടെ തീരുമാനം വരാതിരുന്നപ്പോള്‍ ശിക്ഷയില്‍ ഇളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആന്റണി ഉള്‍പ്പെടെ രണ്ട് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ യാതൊരു തൂക്കിക്കൊലയും നടന്നിരുന്നില്ല.
Discussion about this post