ഡല്‍ഹി: പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതിയും തന്നെ പ്രധാനമന്ത്രിയുമാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും അദ്ദേഹം പറയുന്നു. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ കുറിച്ച് അദ്ദേഹമെഴുതിയ ‘ദി കോയലിഷന്‍ ഇയേഴ്‌സ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്.
2012-ല്‍ പുതിയ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടന്ന ചര്‍ച്ച ഓര്‍മിക്കുന്ന ഭാഗത്താണ് തന്നെ പ്രധാനമന്ത്രി ആക്കിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രണബ് പറയുന്നത്. 1996 മുതല്‍ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെടുന്നതു വരെയുള്ള പ്രവര്‍ത്തന കാലഘട്ടമാണ് പ്രണബ് മുഖര്‍ജി തന്റെ പുസ്തകത്തില്‍ പറയുന്നത്. 1999-ലെ കോണ്‍ഗ്രസിലെ കലാപത്തിന് പിന്നില്‍ ശരദ് പവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ മോഹമായിരുന്നുവെന്നും പ്രണബ് കുറ്റപ്പെടുത്തുന്നു.
2012 ജൂണ്‍ രണ്ടിന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ പല പേരുകളും സാധ്യതകളും, ലഭിക്കാവുന്ന പിന്തുണയും സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. രാഷ്ട്രപതിയാകാന്‍ താനാണ് യോഗ്യനെന്ന് സോണിയ അഭിപ്രായപ്പെട്ടതായി പ്രണബ് പറയുന്നു. എന്നാല്‍, യു. പി. എ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രിയെന്ന നിലയിലെ തന്റെ പങ്ക് എടുത്തു പറഞ്ഞ സോണിയ മറ്റൊരു പേരു പറയാന്‍ ആവശ്യപ്പെട്ടു. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മറുപടിയും നല്‍കിയാണ് യോഗം പിരിഞ്ഞത്.
മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതിയായി സ്ഥാനാര്‍ത്ഥിയായി സോണിയ ആലോചിക്കുന്നുവെന്നും, അത്തരമൊരു സാഹചര്യത്തില്‍ തന്നെ പ്രധാനമന്ത്രിയാക്കുമെന്നുമുള്ള അവ്യക്തമായ ധാരണയാണ് മടങ്ങുമ്പോള്‍ തന്റെ മനസ്സിലുണ്ടായതെന്ന് പ്രണബ് തുറന്നു പറയുന്നു. എന്നാല്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപെടലോടെ കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്ന് അദ്ദേഹം സ്മരിക്കുന്നു.
99-ല്‍ പവാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സോണിയക്കെതിരെ നടന്ന കലാപം, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്നതിനെ ചൊല്ലിയായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന പവാറിനെ തഴഞ്ഞ്, കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി, പി. ശിവശങ്കറുമായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഈ ഒറ്റപ്പെടുത്തലും നൈരാശ്യവുമാണ് പവാറിനെ കലാപത്തിന് പ്രേരിപ്പിച്ചത്. സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ഭിന്നത മാത്രമാണ് പി. ചിദംബരവുമായി ഉണ്ടായിരുന്നതെന്ന് പ്രണബ് പറയുന്നു. ശക്തമായ കാഴ്ച്ചപ്പാടുകളുള്ളത് കാരണം പലപ്പോഴും ചിദംബരം ധാര്‍ഷ്ട്യക്കാരനെന്ന് തോന്നുമെന്നും മുന്‍ രാഷ്ട്രപതി കുറിക്കുന്നു.
പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ പ്രണബ് മുഖര്‍ജിയായിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതില്‍ പ്രണബ് മുഖര്‍ജിക്ക് വിഷമം ഉണ്ടാവാനുള്ള എല്ലാ കാരണവുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തിന് അദ്ദേഹമായിരുന്നു കൂടുതല്‍ യോഗ്യന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം തന്റേതായിരുന്നില്ല. തനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമാകുമായിരുന്നില്ല. അക്കാര്യം പ്രണബിനും അറിയാമായിരുന്നുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. മന്‍മോഹന്‍ സിങ്, സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് പുസ്തകം പ്രകാശനം ചെയ്തത്.
Discussion about this post