ഡല്‍ഹി: പരിസ്ഥിതി സംരക്ഷണവും വികസനവും ഒന്നിച്ചു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന വനം പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വായു മലിനീകരണത്തിന്റെ തോത് അറിയാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണം നടക്കുന്നില്ലെന്ന കാഴ്ചപാടാണ് ലോകത്തിനുള്ളത്. അതു നമ്മള് മാറ്റണം. പരിസ്ഥിതിയെ ഇന്ത്യ എന്നും ബഹുമാനിച്ചിട്ടേയുള്ളൂവെന്നും മോദി പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ ബില്‍ നടപ്പായാല്‍ ആദിവാസികള്‍ക്ക് ഭൂമി നഷ്ടമാകുമെന്ന പ്രചാരണം തെറ്റാണ്. വനഭൂമിയുമായി ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് ബന്ധമില്ല. ഭൂമി ഏറ്റെടുക്കല്‍ ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയാറാണ്. പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട 10 ഇന്ത്യന്‍ നഗരങ്ങളിലെ വായു മലിനീകരണ തോത് ഈ പദ്ധതിയിലൂടെ കണ്ടെത്താന്‍ കഴിയും. തുടര്‍ന്ന് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള 46 നഗരങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കും. ലോകത്തിലെ ഏറ്റവും വായുമലിനീകരണ നഗരമായി ഡല്‍ഹിയെ കണ്ടെത്തിയിരുന്നു. നേരത്തെ ഇത് ചൈനയിലെ ബെയ്ജിങ്ങായിരുന്നു.
പരിസ്ഥിതിക്കു കോട്ടം തട്ടാതെ വ്യവസായം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ഹരിത നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്നു കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, വായു മലിനീകരണം ഉയര്‍ന്ന തോതിലാണെങ്കിലും ഇതിനെ എങ്ങനെ നേരിടുമെന്നു വ്യക്തതയില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. ബെയ്ജിങ്ങില്‍ മലിനീകരണം തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്ന തോതില്‍ നിന്നാല്‍ ഉടന്‍ തന്നെ നഗരത്തിലെ കെട്ടിടം പണികള്‍, വ്യവസായശാലകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവയ്ക്കും. കൂടാതെ നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും
Discussion about this post