എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. എട്ടാഴ്ച്ചയ്കം വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോർപ്പറേഷന് നിർദേശം നൽകി. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രാത്രിയും ഇന്ന് രാവിലെയും മഴ മാറി നിന്നതിനാൽ നിലവിലെ വെള്ളക്കെട്ടിന് ശമനമുണ്ട്. എന്നാൽ, ഇന്നും നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കളമശേരിയിലെ നിരവധി വീടുകളിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളം കയറിയിരുന്നു. ഇതേ തുടർന്ന് പല വീടുകളും ഇന്നലെ ഒഴിപ്പിച്ചു. ജില്ലയിൽ ഇന്നലെ മൂന്ന് ക്യാമ്പുകൾ തുറന്നിരുന്നു.
അതേസമയം കൊച്ചിയിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അധികൃതരോടൊപ്പം പൊതുജനങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നതിന് ഉത്തരവാദികൾ ജനങ്ങൾ കൂടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post