ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജാമ്യത്തിനായി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും കോടതിയിൽ. റൗസ് അവന്യൂ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇന്ന് രണ്ട് മണിക്ക് ഹർജി പരിഗണിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം ആദ്യം കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ രണ്ടിന് വീണ്ടും പോലീസിന് മുൻപിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.
ഇടക്കാല ജാമ്യം നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ, ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂൺ രണ്ടിന് തന്നെ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദേശം. ഏഴ് ദിവസത്തേക്ക് കൂടി കാലാവധി നീട്ടിക്കിട്ടണമെന്നായിരുന്നു ആവശ്യം. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇതിന്റെ ഭാഗമായുള്ള പരിശോധനകൾക്കായി കാലാവധി നീട്ടി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യത്തിനായി കെജ്രിവാളിന് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിർദേശം നൽകി. ഇതിന് പിന്നാലെയാണ് വീണ്ടും ജാമ്യത്തിനായി കെജ്രിവാൾ റൗസ് അവന്യൂ കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post