മുഖക്കുരു പോവാനായി പല വിദ്യകളും പ്രയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഹോം റെമഡികളും മറ്റ് കെമിക്കൽ പ്രയോഗങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഈ മുഖക്കുരു നിങ്ങളുടെ പല ആരോഗ്യാവസ്ഥകളും വ്യക്തമാക്കി തരാറുണ്ട്.
നമ്മുടെ മുഖത്തെ മൃതകോശങ്ങളും എണ്ണമയവും കൊണ്ട് മുഖത്തെ രോമകൂപങ്ങൾ അടഞ്ഞുപോകുന്നതാണ് പ്രധാനമായും മുഖക്കുരുവിന്റെ കാരണം. ഇത് തന്നെയാണ് ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവയ്ക്കും കാരണമാകുന്നത്. നമ്മുടെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ, അധിക എണ്ണമയമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്, ബാക്ടീരിയ എന്നിവയും ഇതിന് കാരണമാണ്. പലപ്പോഴും പാരമ്പര്യവും ഇതിനൊരു കാരണമായി വരാറുണ്ട്. എല്ലാ തരം ചർമങ്ങളിൽ ഉള്ളവർക്കും മുഖക്കുരു വരാറുണ്ടെങ്കിലും എണ്ണമയമുള്ള ചർമമുള്ളവർക്കാണ് മുഖക്കുരു വരാൻ കൂടുതൽ സാധ്യത.
മുഖത്തിന്റെ ഏത് ഭാഗത്താണ് കുരു വരുന്നത് എന്ന് നോക്കി നമ്മുടെ ആരോഗ്യത്തെ കുറിച്ച് വിലയിരുത്താൻ സാധിക്കുമെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു.
ദഹന സംബന്ധമായ അസുഖങ്ങളും മാനസീക സമ്മർദങ്ങളുമാണ് നെറ്റിയിൽ കുരു വരുന്നതിനുള്ള കാരണം. നമ്മുടെ മോശം ഡയറ്റ്, ഉറക്കക്കുറവ്, എന്നിവയും ഇത്തരം കുരു വരാനുള്ള കാരണമായി ഡർമറ്റോളജിസ്റ്റുകൾ പറയുന്നു. തലമുടിയ്ക്കയി നാം ഉപയോഗിക്കുന്ന ചില ഉത്പന്നങ്ങളും നെറ്റിയിൽ വരുന്ന കുരുക്കൾക്ക് കാരണമായേക്കാം. അതിനാൽ തന്നെ നമ്മുടെ ഭക്ഷണക്രമങ്ങളും ഉറക്കവും മാനസീക സമ്മർദങ്ങളും കൃത്യമാക്കിയാൽ തന്നെ നെറ്റിയിൽ വരുന്ന കുരുക്കൾ പരമാവധി ഒഴിവാക്കാം.
കവിളിൽ വരുന്ന കുരുക്കൾക്ക് പ്രധാന കാരണം പരിസര മലിനീകരണമാണ്. മൊെൈബൽ ഫോണുകളുടെ സ്‌ക്രീനുകളിൽ നിന്നും തലയിണകളിൽ നിന്നുമെല്ലാം വരുന്ന ബാക്ടീരിയ ഇൻഫെക്ഷനും ഇതിന് മറ്റൊരു കാരണമാണ്. ഇടയ്ക്കിടെ തലയിണ കവറുകൾ മാറ്റുന്നതും എപ്പോഴും മുഖത്ത് സ്പർശിക്കാതിരിക്കുന്നതും ഒരു പരിധി വരെ ഇത്തരം കുരുക്കളെ അകറ്റും.
ലിവർ പ്രശ്‌നങ്ങൾ, ഉയർന്ന രക്തസമ്മർദം എന്നിവയാണ് മൂക്കിൽ കുരു വരാനുള്ള കാരണം. എണ്ണമയമുള്ള ആളുകളിലും ഇത്തരം കുരുക്കൾ വരാം. താടിയിൽ വരുന്ന കുരുക്കൾ പ്രധാനമായും ഹോർമോൺ വ്യതിയാനങ്ങൾ കാരണം വരുന്നവയാണ്. ആർത്തവ സമയങ്ങളിലാണ് ഇത്തരം കുരുങ്ങൾ കൂടുതലും വരുക. ദഹന സംബന്ധമായ അസുഖങ്ങളോ മാനസീക സമ്മർദങ്ങളോ കാരണവും ഇത്തരം കുരുക്കൾ വരാം. ഹോർമോൺ വ്യതിയാനങ്ങളും മാനസീക സമ്മർദവുമാണ് കഴുത്തിൽ കുരുക്കൾ വരാനുള്ള കാരണം.
Discussion about this post