ഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികളെ കോണ്‍വെന്റ് സ്‌കൂളില്‍ അയക്കരുതെന്ന ഗോവന്‍ ക്യാബിനറ്റ് മന്ത്രി ദീപക് ധവാലിക്കറുടെ ഭാര്യയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
ഗോവന്‍ സര്‍ക്കാരില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ മന്ത്രിയായ ദീപക് ധവാലിക്കറുടെ ഭാര്യ ലതാ ധവാലിക്കറാണ് വിവാദ പ്രസ്താവന നടത്തിയത്. മഡ്ഗാവില്‍ ഹിന്ദു ഹിന്ദു ജന
ജാഗ്രതി സമിതി സംഘടിപ്പിച്ച ഒരു മത ചടങ്ങില്‍ വെച്ചായിരുന്നു പ്രസ്താവന.
ഹിന്ദു പുരുഷന്മാര്‍ വീട്ടില്‍ നിന്നറങ്ങുമ്പോള്‍ കുറി തൊടണം, സ്ത്രീകള്‍ കുങ്കുമം ധരിയ്ക്കണം, ഹിന്ദു പുതുവത്സരമായി ഗുഡി പദ്വ കൊണ്ടാടണം. നിങ്ങളുടെ കുട്ടികളെ കോണ്‍വെന്റ് സ്‌ക്കൂളില്‍ വിടരുത്. ഫോണ്‍ ചെയ്യുമ്പോള്‍ ഹലോ എന്നല്ല നമസ്‌ക്കാരം എന്ന് പറയണം-എന്നിങ്ങനെയായിരുന്നു ലതാ ധവാലിക്കറുടെ പ്രസ്താവന.
സ്ത്രീകള്‍ പാശ്ചാത്യ സംസ്‌കാരം സ്വീകരിച്ചതാണ് രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും ലതാ ധവാലിക്കര്‍ പറഞ്ഞു. ‘ഇന്ത്യയുടെ സമ്പന്നമായ പുരാതന സംസ്‌കാരത്തില്‍ അഭിമാനം കൊള്ളേണ്ട സമയമാണിത് ‘ സ്ത്രീകള്‍ നെറ്റിയില്‍ കുങ്കുമം തൊടാതിരിക്കുന്നത് ഒരു പതിവായിട്ടുണ്ട്. ഇറുകിയതും വെളിവാക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതും മുടി വെട്ടി വിചിത്രമായ ഹെയര്‍ സ്‌റ്റൈലുകള്‍ സ്വീകരിക്കുന്നതും ഇപ്പോള്‍ സ്ഥിരമാണെന്നും ലതാ ധവാലിക്കര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്കെതിരായാണ് പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത് പറഞ്ഞു.
Discussion about this post