ബാലരാമപുരം: കേന്ദ്ര സർക്കാരിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു ബാലരാമപുരത്തു നൽകിയ സ്വീകരണത്തിനിടെ നേതാക്കൾ സഞ്ചരിച്ച മൂന്നു വാഹനങ്ങൾ റോഡിൽ നിരത്തിയിട്ടു കരമന–കളിയിക്കാവിള ദേശീയപാതയിലെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചതായി പരാതി. ഇന്നലെ രാവിലെ പത്തരയോടെ ബാലരാമപുരം ജംക്‌ഷനിൽ എത്തിയ കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെ വാഹനങ്ങൾ വിഴിഞ്ഞം റോഡിലെ എൽഡിഎഫ് കോവളം നിയോജകമണ്ഡലം കമ്മിറ്റി ഒരുക്കിയ സ്വീകരണ വേദിക്കു മുന്നിൽ റോഡിൽ നിർത്തിയിട്ടതാണു പ്രശ്നമായത്. ഇതുകാരണം തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട റോഡുകളിൽനിന്നു വന്ന വാഹനങ്ങൾക്കു വിഴിഞ്ഞം റോഡിലേക്കു തിരിയാനായില്ല. ഇതേത്തുടർന്നു മണിക്കൂറുകളോളമാണു ദേശീയപാതയിൽ ഗതാഗത സ്തംഭനം ഉണ്ടായത്. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള യാത്രക്കാരാണു കൂടുതലും ബുദ്ധിമുട്ടിലായത്.
ബാലരാമപുരം പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. തൊട്ടടുത്തു നാലും കൂടുന്ന റോഡിൽ ഇതൊന്നും കാണാതെ ദേശീയപാതയിലെ വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള തിരക്കിലായിരുന്നു എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ.
റോഡിൽ നേതാക്കളുടെ വാഹനം നിർത്തി ഗതാഗതം തടഞ്ഞതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയും ഇതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തതോടെ പാർട്ടി പ്രവർത്തകർ ഇടപെട്ടെങ്കിലും ഡ്രൈവർമാരെ കാണാനില്ലായിരുന്നു. തുടർന്ന് ഒരു മണിക്കൂറിനു ശേഷം പൊതുയോഗം അവസാനിച്ചതോടെയാണ് ഈ വാഹനങ്ങൾ അവിടെനിന്നു മാറ്റിയത്. അടുത്തിടെ ചെറിയ ജാഥകളോ മറ്റോ നടക്കുമ്പോൾപോലും ദേശീയപാതയിലെ ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ബാലരാമപുരം പൊലീസ് വഴിതിരിച്ചു വിടുന്നതായി വ്യാപക പരാതിയുണ്ട്.
Discussion about this post