മുംബൈ: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് തന്റെ പ്രസംഗങ്ങളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചെന്ന് എൻ.ഐ.എ കുറ്റപത്രം. സാക്കിറിന്റെ പ്രസംഗങ്ങൾ സമുദായങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കി. സാക്കിറിന്റെ ഉടമസ്ഥതയിലുള്ള പീസ് ടി.വിയിലൂടെ അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും മുംബയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നടന്ന ഭീകരാക്രമണത്തിനെത്തിയവർക്ക് പ്രേരണയായത് സാക്കിറിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണത്തെ തുടർന്നാണ് സാക്കിറിന് കീഴിലുള്ള സംഘടനകളെയും പ്രവർത്തനങ്ങളെയും നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്.
തുടർന്ന് കേന്ദ്രസർക്കാർ നടത്തിയ അന്വേഷണത്തിൽ സാക്കിറിന്റെ കീഴിലുള്ള ചില സംഘടനകൾ വിദേശത്ത് നിന്നും ലഭിക്കുന്ന ധനസഹായം തീവ്രവാദ പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുന്നതായി കണ്ടെത്തി. അടുത്തിടെ ഇന്ത്യയിൽ നിന്നും ഐഎസിലെത്തിയ യുവാക്കൾക്കും സാക്കിറിന്റെ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സാക്കിറിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ അറസ്‌റ്റ് വാറണ്ട് നിലവിലുള്ള സാക്കിർ നായിക്ക് ഇപ്പോൾ സൗദി അറേബ്യയിലാണെന്നാണ് സൂചനകൾ. ഇടയ്‌ക്ക് സാക്കിറിന് സൗദി പൗരത്വം ലഭിച്ചെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.എൻ.ഐ.എ നടത്തിയ അന്വേഷണത്തിനൊടുവിൽ 2016 നവംബർ 18ന് വിവിധ വകുപ്പുകൾ ചുമത്തി സാക്കിറിനെതിരെ കേസെടുത്തു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് സാക്കിർ നായിക്കിന്റെ വാദം.
Discussion about this post