മുംബൈ: രണ്ട് വള്ളത്തിലും കാൽ ചവിട്ടുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ശിവസേനയോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എൻ.ഡി.എയുടെ ഭാഗമായി നിന്നുകൊണ്ട് ബി.ജെ.പിക്കെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുകയും പ്രതിപക്ഷ പാർട്ടികളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് ശിവസേന ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഒരു മുന്നണിയുടെ ഭാഗമാകുമ്പോൾ അഭിപ്രായങ്ങൾ ഉന്നയിക്കാൻ ഘടക കക്ഷി എന്ന് നിലയിൽ ശിവസേനയ്‌ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ബി.ജെ.പിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ അവർ അത് വ്യക്തമാക്കുകയാണ് വേണ്ടതെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശിവസേനാ നേതാവായ സഞ്ജയ് റൗത്ത് പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മോദിയുടെ പ്രഭാവം മങ്ങി തുടങ്ങിയെന്നും ഇപ്പോൾ ഇന്ത്യയെ നയിക്കാൻ യോഗ്യൻ രാഹുൽ ഗാന്ധിയാണെന്നുമായിരുന്നു സഞ്ജയ് റൗത്തിന്റെ പരാമർശം.
‘ഇപ്പോൾ മോദിയെ വിമർശിക്കുന്നവർ തന്നെ രണ്ട് വർഷം മുമ്പ് മോദിയെ പുകഴ്‌ത്തിയിരുന്നു. 100 രാഹുൽ ഗാന്ധിമാർ ഒന്നിച്ചാലും മോദിയെ വെല്ലാൻ കഴിയില്ലെന്നായിരുന്നു അന്നത്തെ അവരുടെ പ്രസ്‌താവന’- ഫഡ്‌നാവിസ് പറഞ്ഞു.
Discussion about this post