കോഴിക്കോട്: വിദ്യാര്‍ഥി കാലത്ത് സി. രവീന്ദ്രനാഥ് ‘എ.ബി.വി.പിയെ തൊട്ടിട്ടുണ്ടെങ്കില്‍ അതുകൊണ്ട് എന്താണ് ‘ എന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എംഎല്‍എയ്ക്ക് മറുപടി നല്‍കി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ്. ചെറുപ്പത്തില്‍ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന കാലവും മനോജ് അനുസ്മരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് മനോജിന്റെ മറുപടി.
‘എഴുപതുകളുടെ അവസാനത്തിലാണ്. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സ്‌കൂള്‍ ബെല്ലടിച്ചാല്‍ പിന്നെ രണ്ടരയ്ക്കേ ക്ലാസില്‍ കയറേണ്ടൂ. കൂത്തുപറമ്പ് യു പി സ്‌കൂളിനടുത്ത് കണിയാര്‍ കുന്നിലെ ഒരു പറമ്പിലേക്ക് ഞങ്ങളെ ചില കൂട്ടുകാര്‍ ക്ഷണിച്ചു കൊണ്ടു പോയിരുന്നു. കബഡി കളിയാണ്. നല്ല രസം. പിന്നെ പാട്ട്. നമസ്തേ സദാ വത്സലേന്നോ മറ്റോ. ചില ചേട്ടന്‍മാര്‍ കുറെ കഥകളും പറഞ്ഞു തരും. എല്ലാം ചേര്‍ന്നാല്‍ ഒരോളമായിരുന്നു. പതുക്കെ മുസ്ലിങ്ങള്‍ക്കെതിരെ പറയാന്‍ തുടങ്ങി. അപ്പൊഴാണ് പന്തികേട് തോന്നിയത്. ആരെയും അറിയിക്കാതെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. അതുപോലെ പിന്മാറുകയും ചെയ്തു. ഇത് എന്റെ മാത്രമല്ല, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അങ്ങനെ ചെന്നുപെട്ട അനേകരുടെ അനുഭവമാണ്. ആ അര്‍ത്ഥത്തില്‍ ഞാനും പൂര്‍വകാല സംഘിയാണ്.’ -പിഎം മനോജ് എഴുതുന്നു.
രവീന്ദ്രന്‍ മാഷുടെ ജാതകം അന്വേഷിച്ചു നടക്കുന്ന യുവ എം എല്‍ എ നേരം കിട്ടുമ്പോള്‍ എഐസിസി അധ്യക്ഷയുടെ യൗവ്വനകാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷിച്ച് നോക്കണം, രസകരമായ വല്ലതും കിട്ടിയേക്കും. ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം ബോധ്യങ്ങളില്‍ നിന്ന് രാഷ്ടീയ അഭിപ്രായം രൂപപ്പെടുത്തുന്നവരാണ്. രവീന്ദ്രന്‍ മാഷ് നിങ്ങള്‍ ആരോപിക്കുന്നതു പോലെ വിദ്യാര്‍ത്ഥി കാലത്ത് എ ബി വി പി യെ തൊട്ടിരുന്നു എന്നു തന്നെ വെക്കുക – അതു കൊണ്ട് എന്താണ്? മനോജ് ചോദിക്കുന്നു.
സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് എബിവിപി സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെന്നും, ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന ആളാണെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു. എന്നാല്‍ അതെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു രവീന്ദ്രനാഥിന്റെ മറുപടി.
Discussion about this post