ആറ്റിങ്ങൽ: ക്ഷേത്രങ്ങളിൽ ആർക്കും കയറാം എന്ന നിലപാടിനോടു യോജിപ്പില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഹൈന്ദവ ഏകീകരണമാണു ലക്ഷ്യം. ചിറയിൻകീഴ് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാർഥനയില്ലാത്ത പ്രവൃത്തിയും പ്രവൃത്തിയില്ലാത്ത പ്രാർഥനയും ഒരുപോലെ വിഫലമാണ്. അതിനാലാണ് ബോർഡിന്റെ അധീനതയിലുള്ള ആയിരത്തി അഞ്ഞൂറോളം ക്ഷേത്രങ്ങളിൽ 750 എണ്ണത്തിൽ മതപാഠശാലകൾ ആരംഭിച്ചത്. സമാനമായി എൻഎസ്എസ് എല്ലാ കരയോഗ ശാഖകളിലും ആധ്യാത്മിക പഠനകേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ശാസ്താംകോട്ടയിലെ ദേവസ്വം കോളജ് കേന്ദ്രീകരിച്ചു കൽപിത സർവകലാശാലയ്ക്കു ശ്രമങ്ങൾ ആരംഭിച്ചു. ചെറുവള്ളി എസ്റ്റേറ്റിൽ ബോർഡിന് ഉണ്ടെന്നു കണ്ടെത്തിയിട്ടുള്ള നൂറ് ഏക്കറിൽ ആധുനിക സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നിർമിക്കാനും തുടർന്നു മെഡിക്കൽ കോളജാക്കി മാറ്റാനുമുള്ള നടപടികളും തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കാനുള്ള നടപടികളും മുഖ്യമന്ത്രിയുടെ തന്നെ പിന്തുണയോടെ ശക്തമായി മുന്നോട്ടു പോകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post