തിരുവനന്തപുരം: സ്വയം മഹത്വവത്കരിക്കാന്‍ ശ്രമം നടത്തുന്നെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ വിമർശനം നേരിടേണ്ടി വന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ. കണ്ണിനു കണ്ണായ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് പി ജയരാജനെ കുറിച്ച് നട്ടാൽ കുരുക്കാത്ത പച്ച നുണകളാണ് മാദ്ധ്യമ സിൻഡിക്കേറ്റുകാർ പടച്ചു വിടുന്നതെന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
അഡ്വ എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കണ്ണിനു കണ്ണായ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് പി ജയരാജനെ കുറിച്ച് നട്ടാൽ കുരുക്കാത്ത എന്തൊക്കെ പച്ച നുണകളാണ് ഇവിടുത്തെ മാധ്യമ സിൻഡിക്കേറ്റുകാർ പടച്ചു വിടുന്നത്? ജയരാജൻ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നതായി പാർട്ടി സ്റ്റേറ്റ് കമ്മറ്റിയിൽ ആക്ഷേപമുണ്ടായി, സഖാവ് അതു കേട്ട് വൈകാരികമായി പ്രതികരിച്ചു, അച്ചടക്ക നടപടി ഉണ്ടാകും, വിഷയം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും എന്നൊക്കെയാണ് ഓരോരുത്തരും ഭാവനക്കൊത്ത വിധം തട്ടിമൂളിച്ചിരിക്കുന്നത്. ജയരാജൻ്റെ ഉയർച്ചയിൽ അസൂയ പൂണ്ടവരാണ് ഈ നീക്കത്തിനു പിന്നിലെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധീരസഖാവാണ് പി ജയരാജൻ. പാർട്ടിക്കു ജില്ലാ സെക്രട്ടറിമാർ 13പേർ വേറെയുമുണ്ടെങ്കിലും ജയരാജനായി ജയരാജൻ മാത്രമേയുളളൂ. അത് പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയെ സ്നേഹിക്കുന്ന സകലയാളുകൾക്കും അറിയാം. അവർ ചിലപ്പോൾ ഫ്ലക്സ് ബോർഡ് വെച്ചു പുഷ്പാർച്ചനയോ ഭജനയോ നടത്തിക്കാണും. അതെങ്ങനെ വ്യക്തിപൂജയാകും? ഒരിക്കലും സ്വയംമഹത്വവൽക്കരിക്കുന്ന ആളല്ല, ജയരാജൻ. ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തെ വ്യക്തിപൂജയായി തെറ്റിദ്ധരിക്കാൻ മാത്രം സൈദ്ധാന്തിക ജ്ഞാനം ഇല്ലാത്തവരല്ല സംസ്ഥാന കമ്മിറ്റിയിലെ ബാക്കി സഖാക്കൾ. സഖാവ് ജയരാജനെ അവഹേളിക്കുക വഴി, പാവങ്ങളുടെ പാർട്ടിയെ കുറിച്ചു തെറ്റിദ്ധാരണ പരത്തുകയാണ് ബൂർഷ്വാ മാധ്യമങ്ങൾ. ഇതിനു പിന്നിൽ അമേരിക്കൻ സാമ്രാജ്യത്വവും ദേശീയ ബൂർഷ്വാസിയും മറ്റു ഫാസിസ്റ്റു പിന്തിരിപ്പൻ മൂരാച്ചികളുമുണ്ട്. ജാഗ്രത!
https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1333399923456397/?type=3
Discussion about this post