തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ട് വർഷമായി വെട്ടിച്ചുരുക്കിയ സർക്കാർ ഓർഡിനൻസിൽ ഗവർണർ പി. സദാശിവം ഒപ്പുവച്ചു. ഓർഡിനൻസിന്റെ നിയമസാധുത സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം പരിഗണിച്ചാണ് നടപടി. ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ട് രാജ്ഭവനിലെത്തി വിശദീകരണം നൽകിയിരുന്നു.
പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിൽ അംഗവുമായ ദേവസ്വം ബോർഡ് കൃത്യം രണ്ട് വർഷം കാലാവധി തികയ്ക്കുന്നതിന്റെ തൊട്ടുതലേന്നാണ് സർക്കാർ ഓർഡിനൻസ് വന്നത്. ശബരിമല മണ്ഡലകാലം തുടങ്ങാൻ മൂന്നോ നാലോ ദിവസംമാത്രം അവശേഷിക്കേ, ഭരണസമിതിയില്ലാതെ മണ്ഡലവ്രതക്കാലം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിശദീകരണത്തിൽ ചോദിച്ചിരുന്നു.
കാലാവധി വെട്ടിക്കുറച്ച നടപടി ഒരു വർഷമായി വിവിധതലങ്ങളിൽ ആലോചിച്ചും നിയമസാധുത ഉറപ്പുവരുത്തിയും ചെയ്തതാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. നാലുവർഷമായിരുന്ന ദേവസ്വം ബോർഡിന്റെ കാലാവധി 2007ൽ എൽ.ഡി.എഫ് സർക്കാർ രണ്ടുവർഷമായി ചുരുക്കിയിരുന്നു. പിന്നീട് 2014-ൽ യു.ഡി.എഫാണ് അത് മൂന്നുവർഷമാക്കിയത്. മൂന്നുവർഷം കാലാവധി നിലവിലെ ബോർഡിന് നൽകിയാലും അടുത്തവർഷം മണ്ഡലക്കാലം തുടങ്ങുന്നതിന് തൊട്ടുമുമ്പേ അവസാനിക്കും. അതിനാൽ മണ്ഡലവ്രതക്കാലം ഇതിന് മാനദണ്ഡമാക്കാൻ സാധിക്കില്ല. മണ്ഡലവ്രതക്കാലം കുഴപ്പംകൂടാതെ കൊണ്ടുപോകാൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണവും ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ മാസ്റ്റർ പ്ളാൻ സമിതിയും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ആശങ്ക വേണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
കാലാവധി വെട്ടിക്കുറയ്ക്കാനുള്ള മാനദണ്ഡവും അതിന്റെ മുൻ ചരിത്രവും ഗവർണർക്ക് നൽകിയ ഓർഡിനൻസിൽ രേഖപ്പെടുത്തിയിരുന്നില്ല. നേരത്തേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഗവർണറെ സന്ദർശിച്ച് ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു.
Discussion about this post