കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും വിമര്‍ശനം. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ഇ.കെ. നായനാര്‍ അക്കാദമിയില്‍ ഉദ്ഘാടനത്തിനു മുന്‍പേ ജയരാജന്‍ പതാകയുയര്‍ത്തിയതിനെതിരെയാണ് വീണ്ടും വിമര്‍ശനമുണ്ടായിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെയര്‍മാനായ സ്മാരക ട്രസ്റ്റിനു കീഴിലാണു നായനാര്‍ അക്കാദമി.
കണ്ണൂര്‍ ഗെസ്റ്റ് ഹൗസ് റോഡില്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജനുവരി 19 മുതല്‍ സിപിഎം ജില്ലാ സമ്മേളനം അക്കാദമിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനു മുന്‍പു പണിതീര്‍ത്ത് ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം.
എന്നാല്‍, ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാചരണത്തിനു സമാപനം കുറിച്ച് ഏഴിനു ജയരാജന്‍ നായനാര്‍ അക്കാദമിയില്‍ പതാകയുയര്‍ത്തി.
സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടത്തിയ ഈ പതാകയുയര്‍ത്തലിലും നേതൃത്വത്തിന് അമര്‍ഷമുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിനു പകരം സംസ്ഥാന സെക്രട്ടറി ചെയര്‍മാനായ ട്രസ്റ്റിന്റെ സ്ഥാപനത്തില്‍ ഉദ്ഘാടനത്തിനു മുന്‍പേ പതാകയുയര്‍ത്തിയത് അച്ചടക്ക ലംഘനമാണെന്നാണു വിലയിരുത്തല്‍. ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഈ വിഷയവും ഉന്നയിക്കപ്പെടും.
Discussion about this post