തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും, ഇടത് സര്‍ക്കാരിനും ഏറ്റ പ്രതിച്ഛായ നഷ്ടം നികത്താന്‍ എളുപ്പമല്ല. പതിനെട്ട് മാസത്തിനുള്ളില്‍ മൂന്നാമത്തെ മന്ത്രി കൂടി രാജിവെക്കുക. ആദ്യ രണ്ടു രാജികള്‍ക്കും കാരണമായത് മാധ്യമ വാര്‍ത്തകളെങ്കില്‍ തോമസ് ചാണ്ടിയുടെ രാജിയിലും ഇത് വ്യത്യസ്തമായില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല എന്ന മുഖ്യമന്ത്രിയുടെ പിടിവാശി ഇത്തവണ പൂര്‍ണമായും പരാജയപ്പെട്ടു. ഒപ്പം അഴിമതിക്കാരനായ മന്ത്രിയെ ചുമന്ന് നാറുന്ന അവസ്ഥയിലായി മുഖ്യമന്ത്രിയുടെ അവസ്ഥ.
സംസ്ഥാനത്ത് ഉപാധികളോടെ ഒരു മന്ത്രി രാജിവെക്കുന്നത് ആദ്യമാണ്.കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടിയെ തിരിച്ചുകൊണ്ടു വരും എന്നാണ് ഉപാധി. കോടതി പോലും ഇത്രയും വിമര്‍ശിച്ച ഒരാളെ സംരക്ഷിക്കാനാണ് സര്‍ക്കാരിന് താല്‍പര്യം എന്ന് വ്യക്തമാക്കുന്നതാണ് ഉപാധി. തോമസ് ചാണ്ടിയുടെ രാജി ലഭിച്ചു, ബാക്കിയെല്ലാം പിന്നെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരും സിപിഎമ്മും തോമസ് ചാണ്ടിയെ ഭയക്കുന്നുണ്ടെന്ന ആരോപണം ശക്തമാക്കുകയാണ് ഇപ്പോഴത്തെ നിലപാടുകള്‍.
മന്ത്രിസ്ഥാനം രാജിവെക്കേണ്ടിയിരുന്നില്ല, സിപിഐയുടെ നിലപാട് കൊണ്ടാണെന്നാണ് തോമസ് ചാണ്ടി പ്രതികരിച്ചതും. ഇത് സിപിഎം തോമസ് ചാണ്ടിയെ കൈവിട്ടില്ല എന്ന സ്ഥിരീകരണം നല്‍കുന്നു.
ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയതിന് ശേഷവും തോമസ് ചാണ്ടിയെ പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന ആക്ഷേപത്തിനും ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും മറുപടി പറയേണ്ടി വരും.
രാജി ഗത്യന്തരമില്ലാതെ എന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ ആകെ കൂടി തലയുയര്‍ത്തി നില്‍ക്കാവുന്നത് സിപിഐയ്ക്ക് മാത്രമാണ്. എല്ലാ ഘട്ടത്തിലും തോമസ്ചാണ്ടിയെ എതിര്‍ക്കുന്ന നിലപാടായിരുന്നു സിപിഐ സ്വീകരിച്ചത്. ജില്ലാ കളക് ടറുടെ റിപ്പോര്‍ട്ട് ഗൗരവമാണെന്ന് റവന്യു മന്ത്രി പറഞ്ഞിട്ടും മുഖ്യമന്ത്രി അവഗണിച്ചു. തോമസ്ചാണ്ടി പരസ്യമായി കാനത്തേയും റവന്യു മന്ത്രിയേയും വെല്ലുവിളിച്ചിട്ടും സിപിഎം പ്രോത്സാഹനം നല്‍കി. എല്‍ഡിഎഫ് യോഗത്തില്‍ പന്ന്യനെ കടന്നാക്രമിച്ച് ചാണ്ടി സംസാരിച്ചതും. സിപിഐ ക്ഷീണിപ്പിക്കാന്‍ അവസരമാക്കിയ ചാണ്ടിയുടെ അവസ്ഥ പക്ഷേ കോടതിയിലെത്തിയപ്പോള്‍ പരുങ്ങലിലാവുകയായിരുന്നു.
ഒരാള്‍ക്ക് മന്ത്രിയായിരുന്നുകൊണ്ട് എങ്ങനെ സര്‍ക്കാരിനെതിരെ കേസ് നടത്താനാകും എന്ന ചോദ്യം കോടതി ചോദിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എവിടെ എന്ന ചോദ്യവും പിണറായിക്ക് നേരെയായി. ഒടുവില്‍ ആ കൂട്ടുത്തരവാദിത്വം നഷ് ടപ്പെട്ടെന്ന് തെളിയിച്ചാണ് രാജി സിപിഐ ഉറപ്പാക്കിയത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നും സിപിഐ ആദര്‍ശശുദ്ധി തെളിയിച്ചു.
Discussion about this post