അമരാവതി: ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച അന്യഗ്രഹ ജീവികളുടെ ദൃശ്യങ്ങള്‍ക്കു പിന്നിലെ സത്യം കണ്ടെത്തി. വിശാഖപട്ടണത്തെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ അന്യഗ്രഹജീവികള്‍ എന്ന പേരില്‍ ആന്ധ്രപ്രദേശിലും, തെലുങ്കാനയിലും പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥയാണ് അധികൃതര്‍ കണ്ടെത്തിയത്.
പ്രത്യേക ശാരീരിക ഘടനയോടെ രണ്ടു കാലില്‍ ക്യാമറയ്ക്കു നേരെ നോക്കി നില്‍ക്കുന്ന ചിത്രങ്ങളും, ദൃശ്യങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇവയ്ക്കു പിന്നിലെ സത്യം നെഹ്‌റു വന്യജീവി സംരക്ഷണ വിഭാഗമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആളുകളുടെ ഉറക്കം കെടുത്തിയ അന്യഗ്രഹജീവികള്‍ കളപ്പുര മൂങ്ങ, പത്തായ മൂങ്ങ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പക്ഷിയാണെന്ന് നെഹ്‌റു വന്യജീവി സംരക്ഷണ വിഭാഗം വ്യക്തമാക്കി. ആളനക്കം കേട്ടതുകൊണ്ട് അവ രണ്ടു കാലില്‍ നിന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത് എന്നും, ഹൃദയത്തിന്റെ ആകൃതിയുള്ള മുഖവും, വളഞ്ഞ് താഴേയ്ക്കുള്ള കൊക്കുമാണ് പത്തായ മൂങ്ങയുടെ സവിശേഷതയെന്ന് അധികൃതര്‍ പറയുന്നു.
സാധാരണ പക്ഷികളെ പോലെ തന്നെയാണ് ഇവ. പ്രായവും, പോഷക ആഹാര കുറവും കൊണ്ടാണ് ഇവയുടെ തൂവലുകള്‍ നഷ്ടപ്പെട്ടതെന്നാണ് അധികൃതരുടെ നിഗമനം.
Discussion about this post