യുനൈറ്റഡ് നാഷന്‍സ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ അവസാന ജഡ്ജ് സീറ്റിലേക്ക് ഇന്ത്യന്‍ സ്ഥാനാര്‍ഥി ദല്‍വീര്‍ ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന് സ്ഥാനാര്‍ഥിയായ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ അവസാന നിമിഷം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ദല്‍വീര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
15 അംഗങ്ങളുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായാണ് ദല്‍വീറും ഗ്രീന്‍വുഡും മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ 12-ാം റൗണ്ട് വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പ് സ്ഥാനാര്‍ഥി ഗ്രീന്‍വുഡ് പിന്മാറുകയാണെന്ന് കാണിച്ച് ബ്രിട്ടന്റെ സ്ഥിരപ്രതിനിധി മാത്യു റോയ്ക്കോട്ട് യു.എന്‍ പൊതു സഭയുടെയും രക്ഷാ സമിതിയുടെയും പ്രസിഡന്റുമാര്‍ക്ക് കത്തെഴുതി.
11 റൗണ്ട് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ദല്‍വീറിന് പൊതുസഭയുടെ മൂന്നില്‍ രണ്ട് വോട്ടും ലഭിച്ചിരുന്നു. ബ്രിട്ടണ് രക്ഷാ സമിതിയിലെ സ്ഥിരാംഗമായതിനാല്‍ യു.എസ്, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ സ്ഥിരാംഗങ്ങള്‍ ഗ്രീന്‍വുഡിനെ പിന്തുണക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രക്ഷാസമിതിയില്‍ ഗ്രീന്‍വുഡിന് ഒമ്പതും ദല്‍വീറിന് അഞ്ചും വോട്ടുകളായിരുന്നു ലഭിച്ചത്. തുടര്‍ന്നാണ് ഗ്രീന്‍വുഡിന്റെ പിന്മാറ്റം. അതോടെ എതിര് സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ ദല്‍വീര്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാലും നടപടിക്രമങ്ങള്‍ യഥാക്രമം പൂര്‍ത്തീകരിക്കും. ഒമ്ബതു വര്‍ഷമാണ് ഐ.സി.ജെ അംഗങ്ങളുടെ കാലാവധി.
Discussion about this post