കാബൂൾ; അഫ്ഗാനിസ്ഥാൻ നയതന്ത്രജ്ഞ സാകിയ വർദാക് രാജിവെച്ചത് ചർച്ചയാക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. നേരത്തെ മുംബൈ വിമാനത്താവളത്തില്‍ 25 കിലോ സ്വർണവുമായി ഇവർ പിടിയിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 18.6 കോടി രൂപ വിലവരുന്ന 25 കിലോ സ്വർണം വസ്ത്രങ്ങളുടെ കൂട്ടത്തിൽ ഒളിപ്പിച്ചാണ് സാകിയ കൊണ്ടുവന്നത്. നയതന്ത്രജ്ഞർക്ക് വിമാനത്താവളത്തിൽ ലഭിക്കുന്ന ഗ്രീൻ ചാനൽ പരിരക്ഷ ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്.
എന്നാൽ തന്നെ വ്യക്തിപരമായ ആക്രമിക്കുകയാണ് എന്നാരോപിച്ചാണ് സാകിയ രാജി വെച്ചിരിക്കുന്നത്. താലിബാൻ പിടിച്ചെടുക്കുന്നതിനു മുമ്പത്തെ അഷ്റഫ് ഘനിയുടെ സർക്കാർ നിയമിച്ചതാണ് സാകിയയെ. ഈ വിരോധമാണ് സാകിയയ്ക്ക് വിനയായതെന്നാണ് പൊതുവെയുള്ള സംസാരം. കഴിഞ്ഞ ഒരു വർഷമായി താൻ വ്യക്തിപരമായി ആക്രമിക്കപ്പെടുകയാണ്. തനിക്കു നേരെ മാത്രമല്ല, തന്റെ കുടുംബാംഗങ്ങൾക്കു നേരെയും ആക്രമണങ്ങളുണ്ടായതായി 58കാരിയായ സാകിയ ആരോപിച്ചു. വനിതാനേതൃത്വം അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാവി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് കോൺസുൽ ജനറൽ സാകിയയ്ക്കെതിരായ നടപടികളെടുത്തത്. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് കേസ്. പിടിച്ചെടുത്ത സ്വർണം 1 കോടി രൂപയ്ക്കു മുകളിൽ മൂല്യമുള്ളതാണെങ്കില്‍ സാധാരണ പൗരൻ ക്രിമിനൽ വിചാരണ നേരിടേണ്ടതുണ്ട്.
Discussion about this post