ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ചുട്ടമറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്താണ് പാര്‍ലമെന്റ് സമ്മേളനം വൈകുന്നത് എന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്തും ഇത്തരത്തിലുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ഓര്‍മ്മിപ്പിച്ചു
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബറിലെ മൂന്നാമത്തെ ആഴ്ച ആരംഭിച്ച് ഡിസംബറിലെ മൂന്നാമത്തെ ആഴ്ച അവസാനിക്കുന്നതാണ് പതിവ്. ഇത്തവണ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡിസംബറിലെ രണ്ടാമത്തെ ആഴ്ച ആരംഭിച്ച് മൂന്നാമത്തെ ആഴ്ച അവസാനിപ്പിക്കാനാണ് ആലോചന നടക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സമ്മേളനം പത്തുദിവസമായി ചുരുങ്ങുമെന്ന് സാരം. ഈ പശ്ചാത്തലത്തിലാണ് അരുണ്‍ ജെയ്റ്റലിയുടെ പ്രതികരണം.
യുപിഎയുടെ പത്തുവര്‍ഷക്കാലം രാജ്യം കണ്ടത് അഴിമതിഭരണമായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ഏറ്റവും സത്യസന്ധമായ ഭരണമാണ് കാഴ്ചവെയ്ക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സമ്മര്‍ദതന്ത്രം പയറ്റി പറഞ്ഞാലും സത്യം നുണയായി മാറില്ലെന്നും അരുണ്‍ ജെയ്റ്റലി പ്രതികരിച്ചു.
എതിരാളികളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അട്ടിമറിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ സമീപനം ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
Discussion about this post