ഡല്‍ഹി: നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കടിഞ്ഞാണിടാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഭൂസ്വത്തുക്കള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാണ് ഭൂസ്വത്തുക്കളുടെ കൈമാറ്റത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കുമെന്ന സൂചനകള്‍ നല്‍കുന്നത്.
ആധാറും ഭൂസ്വത്തുക്കളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നത് സംബന്ധിച്ച് തനിക്ക് യാതൊരു സംശയവുമില്ലെന്ന് കേന്ദ്ര ഹൗസിംഗ് മന്ത്രി ഹര്‍ദീപ് പൂരി വ്യക്തമാക്കിയതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിനാമി സ്വത്തുക്കള്‍ കൈവശം വയ്ക്കാനുള്ള നീക്കങ്ങള്‍ തടയുന്നതിനൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണം പുറത്തുകൊണ്ടുവരാനും ഇത് സഹായിക്കുമെന്നാണ് മന്ത്രിയുടെ നിരീക്ഷണം. ഇതിനകം തന്നെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി സ്വത്ത് വിപണിയിലും ഇത്തരത്തില്‍ ചില നടപടികള്‍ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പും പണം സമ്പാദനവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും അതിനാല്‍ ഈ മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ ഹാര്‍ഡ് വാര്‍ഡ് സര്‍വ്വകലാശാലയില്‍ സംസാരിക്കുമ്പോഴായിരുന്നു ധനകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നത് ഭൂമിയ്ക്ക് നല്ല വില ലഭിക്കുന്നതിനും ഇത് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ലഭിക്കുന്ന നികുതി വരുമാനം ഉയര്‍ത്തുമെന്നുമാണ് വിലയിരുത്തല്‍.
നിലവില്‍ സമ്മര്‍ദ്ദത്തിലുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നത് പ്രതികൂലമായ നീക്കമാണ് ഉണ്ടാക്കുകയെന്നും നിരീക്ഷണമുണ്ട്.
Discussion about this post