കൊച്ചി: സിപിഐയുടെ നാല് മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ വിട്ടു നിന്നിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമെന്നാരോപിച്ചായിരുന്നു ഹര്‍ജി. അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കോടതി വ്യക്തമാക്കി.
യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തതിന് വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ലെന്നും വെറും പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന മന്ത്രിമാരുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ച് സംവിധായകനായ ആലപ്പി അഷറഫാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തത് കോടതിയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന വിഷയമല്ല. ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണം. മുഖ്യമന്ത്രിയാണ് ഇതില്‍ നടപടിയെടുക്കേണ്ടതെന്നും അല്ലാതെ കോടതിയല്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈകോടതി നിരീക്ഷിച്ചു.
Discussion about this post