കണ്ണൂർ; പ്രവർത്തനം ആരംഭിച്ച് ആറാം വർഷത്തിലെത്തി നിൽക്കുമ്പോഴും പ്രതിസന്ധികൾ തരണം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരില്ലാത്തതിനെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് നിർത്തലാക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്നത്.
ഈ മാസം മുതൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ബംഗളൂരു സർവീസുണ്ടാകില്ല. യാത്രക്കാരില്ലാത്തതിനെ തുടർന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂർ-ബംഗളൂരു സർവീസ് മതിയാക്കുന്നത്. ദിവസം പത്ത് യാത്രക്കാർ പോലും ലഭിക്കാതായതോടെയാണ് സർവീസ് നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചിട്ടുണ്ട്. പ്രതിദിന സർവീസാണ് ബംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്നത്. എന്നാൽ രണ്ടാഴ്ചത്തേക്ക് സർവീസ് നിർത്തിവച്ചിരിക്കുകയാണെന്നും പിന്നീട് പുനസ്ഥാപിക്കുമോയെന്ന കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നുമാണ് വിമാനത്താവളവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. ഇൻഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സർവീസുകൾ നടത്തുന്നുണ്ട്. യാത്രക്കാരില്ലാത്തതിനാൽ ഈ സർവീസും പ്രതിസന്ധിയിലാണ്.
2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്. കോവിഡാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായത്. പ്രതിസന്ധിക്കിടെ കഴിഞ്ഞ മേയിൽ ഗോാ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ അവസാനിപ്പിച്ചിരുന്നു. യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് ഇതുവഴി ഉണ്ടായത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2022-23 വർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ നഷ്ടം 131.98 കോടി രൂപയാണ്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളങ്ങളിൽ നഷ്ടത്തിന്റെ കാര്യത്തിൽ രാജ്യത്ത് അഞ്ചാംസ്ഥാനത്താണ് കണ്ണൂർ. വിമാനത്താവള കമ്പനിയുടെ വായ്പാ തിരിച്ചടവിന്റെ കാലാവധി 11 വർഷത്തിൽനിന്ന് 20 ആക്കി നീട്ടാൻ ധാരണയായെന്ന് മുഖ്യമന്ത്രി വാർഷികയോഗത്തിൽ അറിയിച്ചിരുന്നു.
Discussion about this post