തിരുവനന്തപുരം : സംസ്ഥാനത്ത് ജനങ്ങൾ കൊടും ചൂടിൽ വലയുകയാണ്. ആശ്വാസമായി പതിനൊന്ന് ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം , ആലപ്പുഴ , കോട്ടയം , എറണാകുളം , ഇടുക്കി , തൃശ്ശൂർ , പാലക്കാട് , കോഴിക്കോട് വയനാട് എന്നി ജില്ലകളിലാണ് വേനൽ മഴ ലഭിക്കാൻ സാദ്ധ്യത.
സംസ്ഥാനത്ത് വരും അഞ്ച് ദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം പാലക്കാട് , തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്നും ഉഷ്ണതരംഗ സാദ്ധ്യത തുടരുന്നുണ്ട്. അതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടിമിന്നൽ ഭീഷണിയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Discussion about this post