പൈലറ്റ് മദ്യപിച്ച് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് വിമാനം റദ്ദാക്കി. കഴിഞ്ഞ ദിവസം യുഎസിലെ ഡാളസിൽ നിന്നും ടോക്കിയോയിലേക്കുള്ള ജപ്പാൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ആണ് ടേക്ക് ഓഫിന് തലേ ദിവസം അടിച്ച് ഓഫായത്. തലേന്ന് രാത്രി തന്റെ ക്യാബിൻ ക്രൂ അംഗങ്ങളുമായി മദ്യപിച്ച പൈലറ്റ് പിറ്റേന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു.
പുലർച്ചെ രണ്ട് മണിയോടെ മദ്യപിച്ച് ലക്കു കെട്ട് ഹോട്ടലിൽ ബഹളം വച്ചതോടെ ഹോട്ടൽ അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിൽ എത്തിയ പോലീസ് ഇയാൾക്ക് കർശന താക്കീത് നൽകിയതിന് ശേഷമാണ് തിരികെ പോയത്.
പിറ്റേന്ന് പൈലറ്റിനെ പരിശോധിച്ചതിന് ശേഷം വിമാനം പറത്താൻ കഴിയില്ലെന്ന് എലയർലൈൻസ് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഡാളസിലെ ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടോക്കിയോയിലെ ഹനേഡ എയർപോർട്ടിലേക്ക് രാവിലെ 11:05 ന് ഷെഡ്യൂൾ ചെയ്ത ജെഎഎൽ വിമാനം റദ്ദാക്കിയത്. ഏകദേശം 157 യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. ഇവരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റി.












