ഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ സോവിയറ്റ് യൂണിയനിലെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ അറിവോടെ സൈബീരിയയില്‍ വച്ച് ധിക്കുകയാണെന്ന് ആരോപണം. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച രഹസ്യ ഫയലുകള്‍ പുറത്തുവിടണമെന്നും സ്വാമി ആവശ്യപ്പെട്ടു.
സൈബീരിയയിലെ ജയിലില്‍ വെച്ച് സ്റ്റാലിന്‍ സുഭാഷ് ചന്ദ്രബോസിനെ വധിക്കുകയായിരുന്നുവെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. ബ്രിട്ടനും റഷ്യയുമായുള്ള ബന്ധം വഷളാകുമെന്നു കരുതി ഇത് സംബന്ധിച്ച രഹസ്യ ഫയലുകള്‍ പരസ്യമാക്കാതിരിക്കുന്നത് ശരിയല്ല. രഹസ്യരേഖ പുറത്തുവിടാന്‍ പ്രധാനമന്ത്രി മോഡിതന്നെ മുന്നിട്ടിറങ്ങണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. കൊല്‍ക്കത്തയില്‍ നടന്ന മെര്‍ച്ചന്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സ്വാമിയുടെ പ്രസ്താവന.
‘ഞങ്ങളുടെ കൈവശമുള്ള രേഖകള്‍ പ്രകാരം 1945ല്‍ വിമാനാപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് മരിച്ചിട്ടില്ല. മറിച്ച് ചൈനയിലേക്ക് കടക്കുകയാണ് അദ്ദേഹം ചെയ്തത്. റഷ്യന്‍ അധീനതയിലായിരുന്ന ചൈനയില്‍ വെച്ചാണ് ബോസ് പിടിയിലാകുന്നത്. സ്റ്റാലിന്‍ ബോസിനെ സൈബീരിയയിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. 1953ല്‍ സുഭാഷ് ചന്ദ്രബോസ് ആ ജയിലില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു’ സ്വാമി പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് അറിയുമായിരുന്നെന്നും സ്വാമി ആരോപിച്ചു.
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹത നീക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളാണ് ബോസെന്നും സ്വാമി പറഞ്ഞു.
Discussion about this post