സേലം: മതപരിവര്‍ത്തനത്തിന് വിധേയയായ വൈക്കം സ്വദേശിനി അഖില എന്ന ഹാദിയ കോളേജില്‍ പഠിക്കുന്നത് അഖിലയെന്ന പേരിലായിരിക്കുമെന്ന് കോളേജ് ഡീന്‍. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മെഡിക്കല്‍ പഠനം പൂര്‍ത്തീകരിക്കാനായി ഇന്നലെയാണ് അഖില സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെത്തിയത്. പഠനം തുടരുന്നതിന് ആവശ്യമായ അപേക്ഷ ഇന്ന് കോളേജില്‍ സമര്‍പ്പിക്കും.
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ഒരു സംഘം അഖിലയെ സ്വീകരിക്കാന്‍ കോളേജിലെത്തി. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തിയ അഖിലയെ കാണാന്‍ മതസംഘടനകള്‍ മുദ്രാവാക്യം വിളിയുമായി രംഗത്തെത്തിയിരുന്നു. ഇവരെ പൊലീസ് ഇടപെട്ടാണ് മടക്കി അയച്ചത്.
2011-ല്‍ കോളേജില്‍ പഠിക്കുമ്പോള്‍ തികച്ചും നാണം കുണുങ്ങിയും അന്തര്‍മുഖയുമായിരുന്നു അഖിലയെന്ന് അദ്ധ്യാപകര്‍ ഓര്‍ക്കുന്നു. അഖില നാലര വര്‍ഷത്തെ തന്റെ ഹോമിയോ പഠനം പൂര്‍ത്തിയാക്കിയെങ്കിലും 11 മാസത്തെ ഇന്റേണ്‍ഷിപ്പ് അഥവാ ഹൗസ് സര്‍ജന്‍സിയില്‍ പങ്കെടുത്തിരുന്നില്ല. അഖിലയില്‍ നിന്നും ഹാദിയയിലേക്കുള്ള അവളുടെ യാത്രയെക്കുറിച്ച് കോളേജിലാര്‍ക്കും വ്യക്തമായ വിവരമില്ല.
2015-ല്‍ വ്യക്തിപരമായ കാരണങ്ങളുണ്ടെന്ന് കാട്ടിയാണ് അകില കോളേജ് വിട്ടതെന്ന് കോളേജ് മാനേജിംഗ് ഡയറക്ടര്‍ കല്‍പ്പന ജിവരാജ് പറഞ്ഞു. അവരെ തിരിച്ച് സ്വാഗതം ചെയ്യാന്‍ സന്തോഷമേയുള്ളൂ. അഖിലയ്ക്ക് മതിയായ സുരക്ഷിതത്വം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, അഖില തടസമൊന്നും കൂടാതെ പഠനം പൂര്‍ത്തിയാക്കുന്നത് ഉറപ്പുവരുത്തുമെന്ന് കോളേജ് ഡീന്‍ ജി.കണ്ണന്‍ പറഞ്ഞു. അഖിലയെന്ന പേരിലാണ് അവര്‍ കോളേജില്‍ ചേര്‍ന്നിരിക്കുന്നത്. ഈ പേരില്‍ തന്നെ അവര്‍ കോളേജില്‍ പഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post