കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എട്ട് മൃതദേഹങ്ങള്‍ അഴുകുന്നുവെന്ന് റിപ്പോര്‍ട്ട്. പോലീസ് നടപടി പൂര്‍ത്തിയാകാത്തതും ബന്ധുക്കളെ കണ്ടെത്താനാവാത്തതുമായവരുടെ മൃതദേഹങ്ങളാണ് സംസ്കാരം കാത്ത് അഴുകിയ നിലയില്‍ തുടരുന്നത്. ഒരുമാസംമുതല്‍ നാലുമാസംവരെ പഴക്കമുള്ള മൃതദേഹങ്ങള്‍ കൂട്ടത്തിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 72 മണിക്കൂറിനകം മൃതദേഹങ്ങള്‍ സംസ്കരിക്കണം എന്നാണ് അനാട്ടമി ആക്ടില്‍ പറയുന്നത്. നവീകരണം നടക്കുന്നതിനാല്‍ ഒരു ശീതീകരണി രണ്ടാഴ്ചയിലേറെയായി ഉപയോഗിക്കുന്നില്ല. എട്ട് മൃതദേഹങ്ങളും മോര്‍ച്ചറിയിലെ ഒന്നാമത്തെ കോള്ഡ്റൂമിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മാതൃഭൂമി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിനാല്‍ മൃതദേഹങ്ങളില്‍ മിക്കതും പരിതാപകരമായ നിലയിലാണ്.
കാരശ്ശേരി ഗേറ്റുംപടി തൊണ്ടിമ്മല്‍ റോഡില്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി ജൂലായ് ഏഴിന് മോര്‍ച്ചറിയിലെത്തിച്ച തലയില്ലാത്ത പുരുഷന്റെ ഉടലാണ് ഏറ്റവും പഴക്കം ചെന്നത്. കാരശ്ശേരി, ചാലിയം എന്നിവിടങ്ങളില്‍നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ഒരാളുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമായിരുന്നെങ്കിലും മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.കടലുണ്ടി മണ്ണൂര്‍ റെയില്‍വേഗേറ്റിനു സമീപം മോഷണശ്രമത്തിനിടെ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ട മധ്യവയസ്കന്റെ മൃതദേഹവും സെപ്റ്റംബര്‍ 14-ന് പൊയിലൂര്‍ ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞപറമ്പില്‍ തീകൊളുത്തി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരുഷന്റെ മൃതദേഹവും അഞ്ചുദിവസംകഴിഞ്ഞ് അവശനിലയിലെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച മാനന്തവാടി സ്വദേശിയുടെ മൃതദേഹവും മോര്‍ച്ചറിയിലുണ്ട്.
ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്.
Discussion about this post