തിരുവനന്തപുരത്ത്: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ‘ ഭാവി’ പദ്ധതിയായ സിൽവർലൈനിന്റെ പേരിൽ സർക്കാർ പൊടിച്ചത് കോടികൾ. കേന്ദ്രത്തിന്റെ അനുമതി തേടുന്നതിന് മുൻപ് തന്നെ 70 കോടി രൂപയാണ് പദ്ധതിയുടെ പേരിൽ പാഴാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥരുടെ ശമ്പളം, മഞ്ഞക്കുറ്റികൾ എന്നിവയ്ക്ക് വേണ്ടിയാണ് ഇത്രയും വലിയ തുക സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ സർക്കാർ ചിലവിട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം സിൽവർ ലൈനിന്റെ പേര് പറഞ്ഞ് 22.59 കോടി രൂപയാണ് സർക്കാർ ചിലവാക്കിയത്. പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാല് കൊല്ലം മുൻപായിരുന്നു സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നത്. ഇതിന് വേണ്ടി 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കുകയായിരുന്നു ഇവരെ ഏൽപ്പിച്ച ദൗത്യം. എന്നാൽ ഒരു സെന്റ് ഭൂമി പോലും ഏറ്റെടുത്തില്ലെന്ന് മാത്രമല്ല ഇതിന്റെ പേരിൽ ശമ്പളമായി 9.27 കോടി രൂപയാണ് ഇവർക്ക് നൽകേണ്ടിവന്നത്. കൺസൾട്ടൻസിയ്ക്കായി 29.30 കോടി, എസ്റ്റാബ്ലിഷ്‌മെന്റിനായി 20 കോടി, അതിർത്തി കല്ലിടാൻ 1.14 കോടി, മണ്ണ് പരിശോധനയ്ക്കായി 75 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് ചിലവുകൾ.
ഇത്രയും വൻ തുക ചിലവാക്കിയതിന് ശേഷമാണ് പദ്ധതിയ്ക്കായി കേന്ദ്രത്തിന്റെ അനുമതി തേടിയത്. എന്നാൽ അനുമതി ലഭിച്ചില്ല. ഇതിനിടെ റെയിൽവേ ഭൂമി വിട്ട് കൊടുക്കാൻ കഴിയില്ലെന്ന് ദക്ഷിണ റെയിൽവേയും വ്യക്തമാക്കിയിരുന്നു. ഇതോടെ സിൽവർലൈൻ പദ്ധതി ഭാവി പദ്ധതി മാത്രമായി ഒതുങ്ങുന്ന മട്ടാണ്.
അതേസമയം നടക്കാൻ സാദ്ധ്യതയില്ലെങ്കിലും സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നാണ് സർക്കാർ പറയുന്നത്. പദ്ധതിയ്ക്കായി ഒരു ലക്ഷം കോടിയ്ക്ക് മുകളിലാണ് ചിലവ്. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഈ തുക സർക്കാർ എങ്ങനെ ഉണ്ടാക്കുമെന്നതും ചോദ്യമായി അവശേഷിക്കുകയാണ്.












