എറണാകുളം :പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ നേരത്തെ കൊല്ലാൻ ശ്രമിച്ചിരുന്നതായി യുവതി മൊഴി നൽകി. കൊലപ്പെടുത്താനുള്ള വഴികൾ ഇന്റർനെറ്റിൽ തിരഞ്ഞു എന്നും യുവതി പറഞ്ഞു.
നേരത്ത അബോർഷന് നിരവധി തവണ ശ്രമിച്ചുരുന്നു. എന്നാൽ ആ ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകയായിരുന്നു എന്ന് യുവതി വ്യക്തമാക്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പറഞ്ഞു. യുവതിയെ കസ്റ്റഡിയിലെടുത്തായിരിക്കും കൂടുതൽ വിവരങ്ങൾ തേടുക. ഇതിൻറെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.
ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമെ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുള്ളുവെന്നും കമ്മീഷണർ പറഞ്ഞു. നേരത്തെ നൽകിയ മൊഴിയിൽ യുവതി ഒരു സുഹൃത്തിനെക്കുറിച്ച് പറയുന്നുണ്ട്. ഇയാളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തും.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡിൽ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയിൽ നവജാത ശിശുവിൻറെ ശരീരം ആദ്യം കണ്ടത്.
Discussion about this post