കൊച്ചി: സാഹിത്യത്തില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ പരിമിതികളില്ലെന്നും ന്യൂനപക്ഷ മനോഭാവം ഇല്ലാത്തവരാണ് സാഹിത്യകാരന്മാരെന്നും ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ജോര്‍ജ്ജ് കുര്യന്. ഭാരതീയസംസ്കാരം ഉയര്ത്തിപിടിക്കുവാനാണ് ന്യൂനപക്ഷ വിഭാഗം എന്ന് വിവക്ഷിക്കപ്പെട്ടിട്ടുള്ള സാഹിത്യകാരന്മാര് ശ്രമിച്ചത്. കബീര്‍ദാസ് ന്യൂനപക്ഷ സാഹിത്യകാരനായല്ല നിര്‍ഗുണ ഭക്തിപ്രസ്ഥാനത്തിന്റെ വക്താവായാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്കാരം ഉയര്‍ത്തിപ്പിടിച്ച അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ സാഹിത്യകാരന്മാര്ക്ക് ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അത് അവര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ ആയത് കൊണ്ടല്ല, മറിച്ച് അഖണ്ഡഭാരത സങ്കല്പം ഉയര്‍ത്തിപ്പിടിച്ചത് കൊണ്ടാണ്. ന്യൂനപക്ഷ സാഹിത്യകാരന്മാരുടെ കയ്യൊപ്പുകള്‍ ഭാരതീയ സാഹിത്യത്തില്‍ തെളിഞ്ഞു നില്‍പ്പുണ്ടെന്നും ജോര്‍ജ് കുര്യന് പറഞ്ഞു. ഇരുപത്തിയൊന്നാമതു കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ഭാരതീയ സാഹിത്യത്തില്‍ മതന്യൂനപക്ഷങ്ങളുടെ സംഭാവന എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ടി.പി.എം ഇബ്രാഹിംഖാന്‍ അധ്യക്ഷത വഹിച്ചു. ഒ .എം . കരുവാരക്കുണ്ട് , എം.വി ബെന്നി , ജോസഫ് സാദിഖ്, റീജ ജോസ് , ആര്.ഗോപാലകൃഷ്ണന് ,എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന മുഖാമുഖം പരിപാടിയില്‍ ടി.എ അഹമ്മദ്കബീര്‍ എം എല്‍ എ പങ്കെടുത്തു.
പുസ്തകോത്സവം നഗരിയില്‍ നടന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ സിക്സ്ത് ഫിംഗര്‍ കൃതിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ സേതു, ഡോ. എ.കെ ജയശ്രീ, പ്രേമ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന മധുരം ദാമോദരം പരിപാടിയില്‍ ഗാനരചയിതാവ് ആര്.കെ ദാമോദരനെ ആദരിച്ചു. ശ്രീകുമാര്‍ മുഖത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ രവി മേനോന്, ജസ്റ്റിസ്. പി.എസ് ഗോപിനാഥന്, ഡോ. സുരേഷ് മണിമല, ടി. എസ് രാധാകൃഷ്ണന്, ബേണി, ഇഗ്നേഷ്യസ്, ബിജിപാല്‍, സന്തോഷ് വര്‍മ്മ, ചിറ്റൂര്‍ ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
പുസ്തകോത്സവ നഗരിയില്‍ തിങ്കളാഴ്ച രാവിലെ 11 ന് നടക്കുന്ന സാഹിത്യകാര സംഗമം കെ.ബി ശ്രീദേവി ഉദ്ഘാടനം ചെയ്യും. അയ്മനം രവീന്ദ്രന്, ജി കെ പിള്ള തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് 4 ന് ഇന്ത്യ 2016 നവംബര്‍ 8 ന് ശേഷം എന്ന ചര്‍ച്ചയില്‍ ടി. ജി മോഹന്‍ദാസ്, എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ, അഡ്വ. എന്‍. ഡി പ്രേമചന്ദ്രന്, കെ. പി പദ്മകുമാര്‍, പി. നന്ദകുമാരന്, ആര്. കൃഷ്ണ അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.
Discussion about this post