തെലുങ്ക് നടി അൻഷുവിനെതിരെ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തി സംവിധായകൻ ത്രിനാഥ റാവു നക്കിന. തെലുങ്ക് സിനിമയിൽ ഈ സൈസ് പോരാ.., ഇനിയും വേണമെന്നായിരുന്നു സംവിധായകന്റെ വിവാദ പരാമർശം. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ, സംവിധായകനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ത്രിനാഥ റാവുവിന്റെ പുതിയ സിനിമയായ മസാക്കയിൽ അൻഷുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ അൻഷുവിനെ സിനിമയിലേക്ക് കൊണ്ടുവന്നതിനെ പറ്റി സംസാരിക്കുകയായിരുന്നു ത്രിനാഥ റാവു. നേരത്തെ, അൻഷു അഭിനയിച്ച മൻമദുഡു എന്ന നാഗാർജുന ചിത്രത്തിലെ അൻഷുവിന്റെ ലുക്കിനെ കുറിച്ചായിരുന്നു സംവിധായകൻ സംസാരിച്ചു തുടങ്ങിയത്. അൻഷു എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്ന് തനിക്ക് അത്ഭുതമാണെന്നായിരുന്നു ത്രിനാഥ റാവു പറഞ്ഞത്. അൻഷു കാണാൻ എങ്ങനെയായിരുന്നു എന്നറിയണമെങ്കിൽ, മൻമദുഡു കണ്ടാൽ മതി. അവൾക്ക് വേണ്ടി മാത്രം പലതവണ താൻ ആ സിനിമ കണ്ടിട്ടുണ്ട്. അന്ന് ഉണ്ടായിരുന്നതു പോലെയാണോ ഇന്ന് അൻഷുവിനെ കാണാൻ. ഭക്ഷണം കഴിച്ച് അൽപ്പം കൂടി സൈസ് വക്കാൻ താൻ അവളോട് പറഞ്ഞിരുന്നു. തെലുങ്ക് സിനിമയ്ക്ക് ഈ സൈസ് പോരാ.. സൈസ് കുറച്ച് കൂടി വലുതാവണം. ഇപ്പോൾ അൻഷു നല്ല രീതിയിൽ മെച്ചപ്പെട്ടു. ഇനിയും മാറുമെന്നായിരുന്നു സംവിധായകന്റെ വാക്കുകൾ.
പരിപാടിയുടെ വീഡിയോ പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് ത്രിനാഥ റാവുവിനെതിരെ ഉയരുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്. നടിമാരോട് എന്ത് വൃത്തികേടും പറയാൻ കഴിയും എന്ന അവസ്ഥയിലേക്ക് എത്തിയോ എന്നാണ് ചിലരുടെ കമന്റുകൾ. ഇങ്ങനെ എന്തും പറയാമെന്ന് കരുതരുത് എന്നും മോശമായി പോയി എന്നും പലരും പറയുന്നു. നേരത്തെ, നടി പായൽ രാധാകൃഷ്ണനെ ആലിംഗം ചെയ്യാൻ ശ്രമിച്ചത് വിവാദത്തിലായ കാര്യവും പലരും ഓർമിപ്പിക്കുന്നുണ്ട്.
Discussion about this post