ഡല്‍ഹി: സിപിഎമ്മിനെ പരാജയപ്പെടുത്തി ത്രിപുര പിടിച്ചെടുക്കാന്‍ നീക്കവുമായി ബിജെപി. വലിയ സാമ്പത്തിക പരിഷ്കാരങ്ങളല്ല, കേന്ദ്രസര്‍ക്കാരിന്റെ എല്‍പിജി സിലിണ്ടര്‍ പദ്ധതി മതി ത്രിപുര പിടിച്ചെടുക്കാനെന്നാണു സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിന്റെ അഭിപ്രായം.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ‘പ്രധാനമന്ത്രി ഉജ്വല യോജന’ വഴി സംസ്ഥാനത്തെ 3.33 ലക്ഷം പാവപ്പെട്ട സ്ത്രീകള്‍ക്കു സൗജന്യമായി എല്‍പിജി കണക്ഷനുകള്‍ നല്കാന് കഴിഞ്ഞതാണു നേട്ടമായി ബിജെപി കണക്കാക്കുന്നത്. ഒരു കുടുംബത്തില്‍ കുറഞ്ഞതു നാലുപേരെന്ന രീതിയില്‍ കണക്കെടുത്താല്‍ പദ്ധതി മൂലം സംസ്ഥാനത്തെ 25 ലക്ഷത്തിലധികം വോട്ടര്‍മാര്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ഇടതുപക്ഷം അതു പേടിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാരിനു രൂപം നല്‍കാനാകുമെന്നും ബിപ്ലബ് കുമാര്‍ പ്രകടിപ്പിച്ചു. സംസ്ഥാനത്തെ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഈ മാസം രണ്ടു റാലികള്‍ക്കായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തുന്നുണ്ട്. അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുമെന്നാണു പ്രതീക്ഷിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.
വിഘടനവാദത്തിന്റെ പ്രശ്നങ്ങളുമായി കഴിഞ്ഞിരുന്ന ത്രിപുരയ്ക്കു സമാധാന കാലഘട്ടമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയത്. മാത്രമല്ല, 19 വര്‍ഷമായി സര്‍ക്കാരിന്റെ അമരത്തിരിക്കുന്ന മുഖ്യമന്ത്രി മണിക് സര്‍ക്കാരിനു മികച്ച പ്രതിച്ഛായയുമാണുള്ളത്. എന്നാല്‍ ഈ പ്രതിച്ഛായ സര്‍ക്കാരിന്റെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണെന്നും ഒരു പ്രിന്‍സിപ്പാളിനെ വിലയിരുത്തേണ്ടതു സ്കൂളിന്റെ മികവു നോക്കിയാണ്, അല്ലാതെ അദ്ദേഹം എങ്ങനെ അതു പ്രകടിപ്പിക്കുന്നു എന്നതു നോക്കിയല്ലെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. തൊഴിലില്ലായ്മ 20 ശതമാനമാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 67% ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. മാത്രമല്ല, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സര്‍ക്കാര്‍ അക്രമം അഴിച്ചുവിടുന്നുവെന്നും ബിപ്ലബ് കുമാര്‍ ആരോപിച്ചു. ഗോത്ര വര്‍ഗക്കാരായ മൂന്നു നേതാക്കന്മാരാണു കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ നിന്നു ത്രിപുര ധാരാളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതു മോദി സര്‍ക്കാരിന്റെ പ്രയത്നത്തിന്റെ ഫലമാണ്. കൂലി നല്‍കേണ്ട 177 രൂപയില്‍ 90 ശതമാനവും കേന്ദ്രസര്‍ക്കാരാണു നല്‍കുന്നത്. എന്നാല്‍ സംസ്ഥാനം 10% നല്കാന് തയാറാകുന്നില്ല അദ്ദേഹം ആരോപിച്ചു.
വരുന്ന ഫെബ്രുവരിയിലാണ് ത്രിപുര, മേഘാലയ, തിരഞ്ഞെടുപ്പ്. 2013-ലെ തിരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ ബിജെപി ഒരു സീറ്റുപോലും നേടിയിരുന്നില്ല. എന്നാല്‍ 2014ല്‍ അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായതിനു പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടി ശക്തമായ സാന്നിധ്യം കാഴ്ചവയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇത്തവണ 60 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു ബിപ്ലബ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്തു കോണ്‍ഗ്രസും തൃണമൂലും അവസാനിച്ചു. ഇനി ഇടതുപക്ഷവും ഞങ്ങളും തമ്മിലാണ് പോരാട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post